banner

പാലക്കാട്ടെ കൊലപാതകങ്ങൾ: സമൂഹമാധ്യമങ്ങൾ വഴി പ്രകോപനമുണ്ടാക്കുന്നവർക്കെതിരെ നടപടി; കൊല്ലത്ത് പോലീസിൻ്റെ സൈബർ പട്രോളിംഗ്

കൊല്ലം : പാലക്കാട് നടന്ന അനിഷ്ട സംഭവങ്ങളെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. 

കൊല്ലം റൂറൽ ജില്ലാ പരിധിയിലുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയോ അക്രമ സംഭവങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയോ ചെയ്താൽ അവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും, എല്ലാത്തരം സമൂഹമാധ്യമങ്ങളിലും 24 മണിക്കൂറും സൈബര്‍ പട്രോളിംഗ് നടത്താന്‍ കൊല്ലം റൂറൽ സൈബർ സെൽ, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി രവി ഐ.പി.എസ് അറിയിച്ചു.

ഇന്നലെയും ഇന്നുമായി രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. ഇന്നലെയാണ് ജില്ലയിൽ എസ്ഡിപിഐ പ്രവർത്തനെ കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സുബൈർ എന്ന യുവാവിന്റെ കൊലപാതകം. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയായിരുന്നു അക്രമം. 

പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിർവശത്തു നിന്ന് ഇടിച്ചു വീഴ്ത്തി.
പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈർ.

നാടിനേറ്റ ഈ മുറിവ് ഉണങ്ങും മുൻപാണ് മറ്റൊരു കൊലപാതകം കൂടി നടന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന് വെട്ടേറ്റ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വച്ചായിരുന്നു സംഭവം. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ടു ബൈക്കുകളിലെത്തിയ സംഘം ശ്രീനിവാസനുണ്ടായിരുന്ന എസ്‌കെ ഓട്ടോ റിപ്പയർ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പാലക്കാട് നോർത്ത് കസബ സ്റ്റേഷൻ പരിധിയാലണ് സംഭവം. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു.

إرسال تعليق

0 تعليقات