banner

സംസ്ഥാനത്ത് നാളെ റമളാൻ ഒന്ന്; വിവരമറിയിച്ച് സയ്യിദ് മുനവറലി ഷിഹാബ് തങ്ങൾ

സംസ്ഥാനത്ത് റമളാൻ വ്രതാനുഷ്ഠാനം നാളെ ആരംഭിക്കുമെന്നറിയിച്ച് പാണക്കാട് സയ്യിദ് മുനവറലി ഷിഹാബ് തങ്ങൾ. പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി കണ്ടതിൻ്റെ പശ്ചാത്തലത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളടക്കമുള്ള വിവിധ ഖാളിമാർ നാളെ റമളാൻ ഒന്നായി പ്രഖ്യാപിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. നേരത്തെ തെക്കൻ കേരളത്തിൽ നാളെ റമളാൻ വ്രതാരംഭം നാളെ ആരംഭിക്കുകയെന്ന് തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ പാളയം മുഹമ്മദ് സുഹൈബ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിശ്വാസികൾ ആകെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ഒരു മാസക്കാലം ഇസ്ലാം മത വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നു. അനുഗ്രഹങ്ങളുടെയും പാപ മോചനത്തിന്റെയും മാസമായ റമദാനിൽ വിശ്വാസികൾ ആരാധനാ കർമങ്ങൾ വർദ്ധിപ്പിക്കുന്നു. 

പുണ്യങ്ങളുടെ വസന്തകാലമാണ് വിശുദ്ധ റമദാൻ. പുണ്യകർമങ്ങൾക്ക് പതിൻമടങ് പ്രതിഫലം ലഭിക്കുന്ന മാസം. പാപ മോചനത്തിന്റെയും അനുഗ്രഹങ്ങളുടെയും മാസം. വിശുദ്ധ ഖുറാൻ അവതരിക്കപ്പെട്ടത് ഉൾപ്പെടെ ഇസ്ലാമിലെ സുപ്രധാനമായ പല കാര്യങ്ങള്ക്കും സാക്ഷിയായ മാസം കൂടിയാണ് റമദാൻ. പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ഈയൊരു മാസം വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നു. പ്രാർഥനകളും, ഖുറാൻ പാരായണവും, ദാനധർമങ്ങളും ഉൾപ്പെടെയുള്ള ആരാധനാ കർമങ്ങൾ വർദ്ധിപ്പിക്കുന്നു. രാത്രിയിലെ തറാവീഹ് നിസ്‌കാരം, ഇഫ്താർ, അത്താഴം തുടങ്ങിയവയൊക്കെ ഈ മാസത്തിൻറെ മാത്രം പ്രത്യേകതയാണ്.

റമദാനിലെ ആദ്യത്തെ പത്തു ദിവസം അനുഗ്രഹത്തിന്റെയും രണ്ടാമത്തെ പത്തു പാപ മോചനത്തിന്റെയും അവസാനത്തെ പത്ത് നരക മോചനത്തിൻറേതുമാണ് എന്നാണ് വിശ്വാസം. ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ള ലൈലതുൽ ഖദ്ര് എന്ന രാവ് അവസാനത്തെ പത്തിൽ ഏതെങ്കിലുമൊരു ഒറ്റപ്പെട്ട ദിവസമായിരിക്കുമെന്നാണ് പ്രബലാഭിപ്രായം. അതുകൊണ്ട് തന്നെ അവസാനത്തെ പത്ത് നാളുകളിൽ വിശ്വാസികൾ ആരാധനാ കർമങ്ങൾ വർദ്ധിപ്പിക്കും. ഒരു മാസത്തെ വ്രതാനുഷ്ഠാനം ശവ്വാൽ മാസപ്പിറവി കാണുന്നതോടെ അവസാനിക്കും

Post a Comment

0 Comments