banner

ഉക്രേനിയൻ പൗരന്മാർ നൽകിയ വിഷം കലർത്തിയ ബണ്ണുകൾ കഴിച്ച് റഷ്യൻ സൈനികർ കൊല്ലപ്പെട്ടു

ഉക്രേനിയൻ പൗരന്മാർ തന്ത്രത്തിലൂടെ നൽകിയ വിഷം കലർത്തിയ ബണ്ണുകൾ കഴിച്ച് ഖാർകിവിന് സമീപം റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് ഉക്രേനിയൻ രഹസ്യാന്വേഷണ ഏജൻസി അവകാശപ്പെട്ടു. മൂന്നാം മോട്ടോർ റൈഫിൾ ഡിവിഷനിലെ രണ്ട് സൈനികരാണ് ഇത്തരത്തിൽ ഉക്രേനിയൻ പൗരന്മാർ തന്ത്രത്തിലൂടെ നൽകിയ വിഷം കലർത്തിയ ബണ്ണുകൾ കഴിച്ച് മരണപ്പെട്ടതായി ഉക്രെയ്നിലെ മെയിൻ ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത്.

സിവിലിയൻമാർ നൽകിയ വിഷം കലർത്തിയ മദ്യം കുടിച്ചതിന് ശേഷം നൂറുകണക്കിന് ആളുകൾക്ക് 'ഗുരുതരമായ അസുഖങ്ങൾ' ബാധിച്ചതായും, 28 റഷ്യൻ സൈനികർ വിഷബാധയെത്തുടർന്ന് തീവ്രപരിചരണത്തിലാണെന്നും വിവിധയിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഡെയ്ലി മെയിൽ വ്യക്തമാക്കുന്നു.

അതേ സമയം, യുക്രൈനിലെ റഷ്യൻ അധിനിവേശം ആറാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ആക്രമണം മയപ്പെടുത്തുമെന്ന വാഗ്ദാനം കാറ്റിൽ പറത്തുകയാണ് റഷ്യ. വെടിനിർത്തലിന് സമയം ആയിട്ടില്ലെന്നും സൈന്യത്തെ പിൻവലിക്കില്ലെന്നും ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പുടിൻ വ്യക്തമാക്കി. വിവിധ യുക്രൈൻ നഗരങ്ങളിൽ ശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസവും റഷ്യ നടത്തിയത്. ദക്ഷിണ യുക്രൈൻ നഗരമായ മൈക്കാലെയ്‌വിൽ പ്രാദേശിക ഭരണ ആസ്ഥാനത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു.

അതിനിടെ ആഴ്ചകളായി ആക്രമണം തുടർന്ന മരിയുപോളിൽ ജനങ്ങളെ ഒഴിപ്പിക്കാനായി റഷ്യ ഒരു ദിവസത്തെ പ്രാദേശിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിരവധി ബസുകളാണ് ഇതിനായി യുക്രൈൻ സർക്കാർ ഏർപ്പെടുത്തിയത്. ആക്രമണം നിർത്തിവെച്ചതായി റഷ്യ പ്രഖ്യാപിച്ച ചെർണിഹിവിലും ഷെല്ലാക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ. ചെർണോബിൽ ആണവനിലയത്തിൽ നിന്ന് റഷ്യൻ സൈനികർ ഒഴിഞ്ഞുപോയതായി യുക്രൈൻ അറിയിച്ചു. സൈന്യം ബെലറൂസ് അതിർത്തിയിലേക്ക് നീങ്ങിയതായാണ് സൂചന.

യുക്രൈനും റഷ്യയും തമ്മിലുള്ള സമാധാന ചർച്ചകൾ ഇന്ന് പുനരാരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വീഡിയോ കോൺഫറൻസ് മുഖേനയായിരിക്കും ചർച്ചയെന്ന് യുക്രൈൻ പ്രതിനിധി സംഘം തലവൻ ഡേവിഡ് അരോഖാമിയ അറിയിച്ചു. പുടിനും സെലൻസ്കിയുമായി നേരിട്ടുള്ള കൂടിക്കാഴ്ചക്കുള്ള നീക്കവും പുരോഗമിക്കുകയാണ്. അതേസമയം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾ വില റൂബിളിൽ നൽകണമെന്ന ആവശ്യത്തിൽ പുടിൻ ഉറച്ചുനിൽക്കുകയാണ് ..ഇതിനായി എണ്ണ വാങ്ങുന്ന രാജ്യങ്ങൾ ഏതെങ്കിലും റഷ്യൻ ബാങ്കിൽ അകൗണ്ട് തുടങ്ങി പണം റൂബിളിലേക്ക് മാറ്റണമെന്നാണ് പുടിന്റെ നിർദേശം.

Post a Comment

0 Comments