banner

നടിയെ ആക്രമിച്ച കേസ്: ഇരയുടെ പരാതിയിൽ അഭിഭാഷകർക്ക് ബാർ കൗൺസിൽ നോട്ടീസ്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചു. അതിജീവിതയുടെ പരാതിയിലാണ് നടപടി. സാക്ഷികളെ മൊഴിമാറ്റാന്‍ സ്വാധീനം ചെലുത്തിയെന്നാണ് ഇവര്‍ക്കെതിരെ അതിജീവിത പരാതിപ്പെട്ടത്. അഭിഭാഷകരായ ബി രാമന്‍ പിള്ള, സുജേഷ് മേനോന്‍, ഫിലിപ്പ് വര്‍ഗീസ് എന്നിവര്‍ക്കാണ് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചത്. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രതികളോടൊപ്പം ചേര്‍ന്ന് സാക്ഷികളെ കൂറുമാറ്റി. 20ലേറെ സാക്ഷികളെയാണ് ഇത്തരത്തില്‍ കൂറുമാറ്റിയതെന്നും ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. ഈ മൂന്ന് അഭിഭാഷകരുടെയും പ്രവൃത്തികള്‍ അഭിഭാഷക സമൂഹത്തിന് ചേര്‍ന്നതല്ലെന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

കേസിലെ സാക്ഷികളിലൊരാളായ ജിന്‍സനെ സ്വാധീനിക്കാന്‍ പണം വാഗ്ദാനം ചെയ്തു. 25 ലക്ഷം രൂപയും 5 സെന്റ് ഭൂമിയുമാണ് ജിന്‍സന് വാഗ്ദാനം ചെയ്തത്. ഇതില്‍ പൊലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കിയിട്ടും ഇതുവരെ അഭിഭാഷകന്‍ ഹാജരായിട്ടില്ല.

അതേ സമയം നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കാണിച്ച് കാവ്യയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. കാവ്യ നിലവില്‍ ചെന്നൈയില്‍ ആണെന്നാണ് വിവരം. കഴിഞ്ഞ ദിവസം കാവ്യ കൂടി ഉള്‍പ്പെടുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു.

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജും ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരതുമായുള്ള ശബ്ദ രേഖയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. കേസില്‍ കാവ്യയുടെ പങ്ക് വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് ശബ്ദരേഖയെന്ന് അന്വേഷണ സംഘം പറയുന്നു. അതേസമയം കാവ്യ മാധവനിലേക്ക് കേസിന്റെ ഫോക്കസ് മാറ്റുന്നതിന് പിന്നില്‍ ബോധപൂര്‍വ്വമായ നീക്കം നടക്കുന്നുണ്ടോയെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം.

ഇന്ന് കാവ്യ നാട്ടിലെത്തുമെന്നാണ് വിവരം. തിങ്കളാഴ്ചയാകും ചോദ്യം ചെയ്യല്‍. ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ആലുവ പോലീസ് ക്ലബില്‍ വെച്ചായിരിക്കില്ല ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് വേണ്ട സ്ഥലം കാവ്യയ്ക്ക് തിരുമാനിക്കാം എന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചിരിക്കുന്നത്. സാക്ഷിയായ സ്ത്രീക്ക് നല്‍കിയ ആനുകൂല്യമാണിതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

മുമ്പ് സംവിധായകന്‍ ബാലചന്ദ്രകുമാറും കാവ്യ മാധവനെതിരെ മൊഴി നല്‍കിയിരുന്നു. പത്മസരോവരത്തില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടശേഷം ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് ദിലീപ് കാവ്യയ്ക്ക് കൈമാറിയെന്നായിരുന്നു ബാലചന്ദ്രകുമാര്‍ ആരോപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പത്മസരോവരത്തില്‍ വെച്ച് ദിലീപ് ഉള്‍പ്പെയുള്ളവര്‍ ഗൂഢാലോചന നടത്തിയപ്പോള്‍ കാവ്യയും ഒപ്പമുണ്ടായിരുന്നതായും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു.

Post a Comment

0 Comments