കണ്ണൂർ : സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസിൽ പ്രതിക്ക് ഒളിത്താവളമൊരുക്കിയ അധ്യാപിക അറസ്റ്റിൽ. കേസിലെ പ്രധാന പ്രതികളിലൊരാളായ നിഖിൽ ദാസിന്(38) വീട്ടിൽ ഒളിവിൽ താമസിക്കാൻ സൗകര്യം ചെയത വീട്ടുടമസ്ഥൻ പ്രശാന്തിന്റെ ഭാര്യ പി രേഷ്മയെ(42) ആണ് അറസ്റ്റ് ചെയ്തത്.
പുന്നോൽ അമൃത വിദ്യാലയം അധ്യാപികയാണ് അറസ്റ്റിലായ രേഷ്മ. നിഖിൽ ദാസിനെയും പൊലീസ് പിടികൂടിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്.
സംഭവത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ വീടിന് നേരെ ബോംബേറുണ്ടായി. വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർത്ത ശേഷം 2 ബോംബുകൾ എറിഞ്ഞതായി പൊലീസ് പറഞ്ഞു. രാത്രി പതിനൊന്നോടെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി.
പിണറായി പാണ്ട്യാലമുക്കിലെ രയരോത്ത് പൊയിൽ മയിൽപ്പീലി എന്ന വീട്ടിലാണ് പ്രതി ഒളിവിൽ കഴിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ 3.30നാണ് പ്രതിയെ പിടികൂടിയത്. രണ്ട് മാസമായി പ്രതി ഒളിവിലായിരുന്നു.
രേഷ്മ വഴിയാണു വീട്ടിൽ താമസിക്കാൻ നിഖിലിന് അവസരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 14–ാം പ്രതിയാണു നിഖിൽ. കേസിൽ രണ്ട് കൂടി അറസ്റ്റിലാകാനുണ്ട്.
ഫെബ്രുവരി 21 തിങ്കളാഴ്ച പുലർച്ചെയാണ് തലശ്ശേരി പുന്നോൽ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നിൽ വച്ച് ഇരുപതോളം വെട്ടേറ്റ ഹരിദാസ് ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരിച്ചു. കൊലപാതകത്തിന് പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരുപതോളം വെട്ടേറ്റാണ് ഹരിദാസൻ കൊല്ലപ്പെട്ടതെന്നായിരു്നനു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
HIGHLIGHTS : Teacher arrested for setting up hideout for accused in Haridas' murder
0 Comments