banner

കൊല്ലത്ത് താലികെട്ടിനിടെ വധു മണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി; പിന്നാലെ ഇരുവരുടെയും ബന്ധുക്കൾ തമ്മിൽ കൈയാങ്കളി; ഒടുവിൽ സംഭവിച്ചത്

കൊല്ലം : താലികെട്ടാൻ ഒരുങ്ങുമ്പോൾ വധു കല്യാണ മണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി. കൊല്ലം നഗരത്തിന് സമീപം കല്ലുംതാഴത്താണ് സംഭവം. വധു ഇറങ്ങിയോടി ഗ്രീൻ റൂമിൽ കയറി ഒളിച്ചിരുന്നു. വധുവിന് കുടുംബത്തിൽ തന്നെയുള്ള മറ്റൊരു യുവാവുമായി അടുപ്പമുണ്ടായതുകൊണ്ടാണ് താലികെട്ടിന് വിസമ്മതിച്ചത്. ഇതോടെ വിവാഹം മുടങ്ങുകയും വരന്‍റെ വധുവുന്‍റെയും ബന്ധുക്കൾ തമ്മിൽ കൈയ്യാങ്കളിയാകുകയും ചെയ്തു. കിളികൊല്ലൂർ പൊലീസ് ഇടപെട്ടാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വരന്‍റെ വീട്ടുകാർക്ക് വധുവിന്‍റെ കുടുംബം നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിൽ ഇരുകൂട്ടരെയും വിട്ടയയ്ക്കുകയായിരുന്നു.

കല്ലുംതാഴം ഇരട്ടകുളങ്ങര ക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മൺറോതുരുത്ത് സ്വദേശിയായ യുവാവും കല്ലുംതാഴം സ്വദേശിനിയായ യുവതിയും തമ്മിലുളള വിവാഹമാണ് ക്ഷേത്രത്തില്‍ നിശ്ചയിച്ചിരുന്നത്. ഇന്ന് രാവിലെയായിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചത്. 11 മണി കഴിഞ്ഞുള്ള മുഹൂർത്തത്തിലായിരുന്നു താലികെട്ട് നടക്കേണ്ടിയിരുന്നത്. ചടങ്ങുകൾക്കായി വരനും വധുവും മണ്ഡപത്തിലെത്തി. ഇരുവരുടെയും ബന്ധുക്കളും വേദിയിലുണ്ടായിരുന്നു. രണ്ടു കൂട്ടരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ക്ഷണിച്ചുവരുത്തിയ നിരവധി നിറയെ ആളുകളും വിവാഹത്തിന് എത്തിയിരുന്നു.

എന്നാൽ താലികെട്ടിനു തൊട്ടുമുന്‍പ് മാല ഇടുമ്പോഴാണ് യുവതി മാല ഇടാന്‍ സമ്മതിക്കാതെ മണ്ഡപത്തില്‍ നിന്ന് ഇറങ്ങി ഓടിയത്. മണ്ഡപത്തിന് സമീപത്തുള്ള ഗ്രീൻറൂമിലേക്കാണ് വധു ഓടിക്കയറിയത്. ഉടൻ തന്നെ വാതിൽ അകത്തുനിന്ന് അടയ്ക്കുകയും ചെയ്തു. മാതാപിതാക്കൾ ഉൾപ്പടെ സംസാരിച്ചിട്ടും വധു വാതിൽ തുറക്കാൻ തയ്യാറായില്ല. വിവാഹത്തിന് താൽപര്യമില്ലെന്ന് വധു ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. ഇതിനിടെ വധുവിനെ അനുനയിപ്പിക്കാന്‍ ബന്ധുക്കള്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായതോടെ വരന്‍റെ കൂട്ടർ വിവാഹത്തിൽനിന്ന് പിൻമാറി.

ഇതിന് പിന്നാലെ വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെറിയതോതിൽ സംഘർഷം ഉടലെടുക്കുകയും ചെയ്തു. ഇതോടെ സമീപത്തുണ്ടായിരുന്നവർ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. വൈകാതെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തുടർന്ന് ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മധ്യസ്ഥ ചർച്ച നടത്തി.

വിവാഹം മുടങ്ങിയതിനാൽ, വിവാഹത്തിനുള്ള ചെലവുകൾക്കും , മാനഹാനിക്കും പകരമായ നഷ്ടപരിഹാരം നൽകാമെന്ന് വരന്‍റെ വീട്ടുകാർക്ക് വധുവിന്‍റെ വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പ് നൽകി. ഇതോടെ സംഭവത്തിൽ കേസെടുക്കാതെ ഇരുകൂട്ടരെയും പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. വിവാഹം കഴിക്കേണ്ടിയിരുന്ന യുവതിക്ക് കുടുംബത്തില്‍ തന്നെയുള്ള മറ്റൊരു യുവാവുമായി ഉണ്ടായിരുന്ന അടുപ്പത്തെ തുടർന്നാണ് മണ്ഡപത്തിൽനിന്ന് ഇറങ്ങിയോടിയതെന്നാണ് വരന്‍റെ ബന്ധുക്കൾ ആരോപിക്കുന്നത്.

Post a Comment

0 Comments