banner

കെഎസ്ഇബിയിലെ തർക്കപരിഹാരത്തിന് സിപിഐഎം ഇടപെടുന്നു

കെഎസ്ഇബി ചെയർമാനും ഇടത് അനുകൂല സർവീസ് സംഘടനയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ സിപിഐഎം ഇടപെടുന്നു. എ കെ ബാലൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുമായി ചർച്ച നടത്തും. വൈകിട്ട് അഞ്ചിന് പാലക്കാട് വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. 

സമരക്കാരുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് ചെയർമാൻ ബി അശോക് പറഞ്ഞിരുന്നു. എന്നാൽ മുൻപ് ചർച്ച നടത്തിയിട്ടും പ്രശ്‌നം പരിഹരിക്കപ്പെടാത്തതിനാൽ വീണ്ടുമൊരു ചർച്ചയ്ക്കില്ലെന്നാണ് സംഘടന അറിയിച്ചത്. 

ചീഫ് ഓഫിസിന് മുൻപിൽ ഓഫിസേഴ്‌സ് അസോസിയേഷന്റെ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു. സംഘടനാ ഭാരവാഹികളെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സത്യാഗ്രഹം.

അനൂകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരമടക്കമുള്ള ദീര്‍ഘകാല പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എംജി സുരേഷ് കുമാറിന്റേയും, ബി ഹരികുമാറിന്റേയും സസ്‌പെന്‍ഷന്‍ പിന്‍വിലക്കുക, ചെയര്‍മാന്റെ ഏകാധിപത്യ സമീപനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. 

അനുകൂല തീരുമാനമായില്ലെങ്കില്‍ ചൊവ്വാഴ്ച മറ്റു സംഘടനകളുടെ യോഗം ചേര്‍ന്ന് സംയുക്ത സമര സഹായ സമിതി രൂപീകരിക്കും. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വേണ്ടെന്നാണ് സംഘടനയുടെ തീരുമാനം.

സത്യാഗ്രഹ സമരത്തിന് നേതൃത്വം കൊടുത്തിന്റെ പേരില്‍ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയേയും പ്രസിഡന്റിനേയും പുറത്താക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടന വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.

Post a Comment

0 Comments