banner

ബസിൽ ശല്യം ചെയ്തയാളെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേല്പ്പിച്ചു; 52കാരൻ പിടിയിലായ കഥയറിഞ്ഞ് ആരതിയ്ക്കായി കയ്യടിച്ച് മലയാളികൾ

കണ്ണൂർ : പയ്യന്നൂരിൽ ബസ് യാത്രക്കിടയില്‍ ഉപദ്രവിച്ചയാളെ ഓടിച്ച് പിടിച്ച് പോലീസിലേല്‍പ്പിച്ച കരിവെള്ളൂർ സ്വദേശിനി ആരതിക്ക് നിറയെ കൈയടി. സ്വകാര്യ സ്ഥാപനത്തില്‍ പി.എസ്.സി കോച്ചിങ്ങിനു പോകുമ്പോഴായിരുന്നു സംഭവം. കരിവെള്ളൂര്‍ മാണിയാട്ട് സ്വദേശി രാജീവന്‍(52) എന്നയാളാണ് അറസ്റ്റിലായത്.

ബസില്‍ അത്യാവശ്യം നല്ല തിരക്കായിരുന്നു. ലേഡീസ് റിസര്‍വേഷന്‍ ഏരിയയില്‍ മൂന്നാമതോ നാലാമതോ ആയി സൈഡ് സീറ്റിലാണ് ഇരുന്നത്. നീലേശ്വരം കഴിഞ്ഞ് ബസില്‍ കയറിയ കുറേ നേരം തന്നെ ശല്യം ചെയ്തുവെന്ന് ആരതി പറയുന്നു. പല തവണ താക്കീത് നല്‍കിയിട്ടും അയാള്‍ മാറിയില്ല. ശല്യം തുടര്‍ന്നതോടെ പിങ്ക് പോലീസിനെ വിളിക്കാനാണ് ആദ്യം ശ്രമിച്ചത്. 

ബാഗില്‍ നിന്ന് ഫോണെടുക്കുമ്പോഴേക്കും ബസ് കാഞ്ഞങ്ങാട്ടെത്തിയിരുന്നു. ഇതോടെ അയാള്‍ ബസില്‍ നിന്ന് ഇറങ്ങിയോടി. എന്തുതന്നെയായാലും വിടില്ലെന്നുറപ്പിച്ചാണ് അയാള്‍ക്ക് പിന്നാലെ ഓടിയത്. കാഞ്ഞങ്ങാട് ടൗണിലൂടെ ഏകദേശം നൂറുമീറ്ററോളം ദൂരം അയാള്‍ക്ക് പിറകെ ഓടി. അയാള്‍ രക്ഷപ്പെട്ടാല്‍ പോലീസില്‍ നല്‍കാനായി ഓട്ടോത്തിനിടയില്‍ അയാളുടെ ഫോട്ടോകള്‍ എടുത്തിരുന്നു.

കുറെ മുന്നോട്ട് എത്തിയപ്പോള്‍ അയാള്‍ ഒരു ലോട്ടറി സ്റ്റാളില്‍ കയറി ലോട്ടറിയെടുക്കാനെന്ന ഭാവത്തില്‍ നിന്നു. സമീപത്തെ കടയില്‍ കണ്ട ആളുകളോട് വിവരം പറഞ്ഞപ്പോള്‍ എല്ലാവരും ചേര്‍ന്ന് അയാളെ തടഞ്ഞുച്ച് പിങ്ക് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.  
മിനിറ്റുകള്‍ക്കുള്ളില്‍ കാഞ്ഞങ്ങാട് പോലീസ് സ്ഥലത്തെത്തി അയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞവര്‍ഷമാണ് ആരതി കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയത്.

Post a Comment

0 Comments