banner

ബന്ധുവീട്ടിലേക്ക് പോകവേ ഉണ്ടായ അപകടത്തിൽ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

കോഴിക്കോട് : വാഹനാപകടത്തില്‍ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിന് പിറകില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. പേരാമ്പ്ര ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം തെരുവത്ത്‌പൊയില്‍ കൃഷ്ണകൃപയില്‍ അധ്യാപകനായ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ( 48) മകള്‍ അഞ്ജന (22) എന്നിവരാണ് മരിച്ചത്. 

പേരാമ്പ്ര പയ്യോളി വടകര റോഡില്‍ രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സുരേഷ് ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിന്റെ പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ വശം പൂര്‍ണ്ണമായും പിക്കപ്പിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലാണ്. ഇറച്ചിക്കോഴിയുമായി എത്തിയ പിക്കപ്പിന് പിന്നിലാണ് കാറിടിച്ചത്. സുരേഷ് ബാബുവും കുടുംബവും ബന്ധുവീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. 

പേരാമ്പ്രയില്‍ നിന്ന് മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കുടുംബം. അപകടം ഉണ്ടായതിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാര്‍ മൂന്നുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിന്‍ മുന്‍ഭാഗം അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

إرسال تعليق

0 تعليقات