ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് യാത്രക്കാരെ ഭീതിയിലാക്കി അമ്പതോളം വിദ്യാർഥികൾ തമ്മിലടിച്ചത്. പ്ലസ്ടു എഴുത്തു പരീക്ഷ കഴിഞ്ഞ ദിവസമായിരുന്നു ചൊവ്വാഴ്ച. വിവിധ സ്കൂളുകളിൽ നിന്നും പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർഥികളാണ് തമ്മിലടിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസമായി ഇവിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷം നടക്കുന്നതായി വ്യാപാരികൾ പറഞ്ഞു. ഇതിന്റെ തുടർച്ചയായിരുന്നു ചൊവ്വാഴ്ചത്തെ സംഘർഷം. സ്റ്റാൻഡിനുള്ളിൽ ഉണ്ടായ അടിപിടി യാത്രക്കാർ ചോദ്യം ചെയ്തപ്പോൾ അടുത്തുള്ള വാണിജ്യ സമുച്ചയത്തിന്റെ താഴത്തെ നിലയിലേക്ക് സംഘർഷം പടർന്നു. ഇവിടെയുണ്ടായ സംഘർഷത്തിനിടെയാണ് ബീനാദാസ് എന്നയാളിന്റെ കണ്ണട കടയുടെ മുൻവശത്തെ ചില്ല് തകർന്നത്. ഇവർ കാട്ടാക്കട പോലീസിൽ പരാതി നൽകി.
ബസ് സ്റ്റാൻഡിൽ അടി തുടങ്ങിയപ്പോൾ പിന്നാലെ ചില സംഘങ്ങൾ ബൈക്കുകളിൽ കമ്പി വടികളുമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും എല്ലാവരും ഓടി രക്ഷപ്പെട്ടു. കാഴ്ചക്കാരായ ചിലരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പരാതിയുണ്ട്. യഥാർഥ അക്രമികളെ തിരിച്ചറിയാനായിട്ടില്ല.
അക്രമികൾ കൊണ്ടുവന്ന കമ്പികൾ വാണിജ്യ സമുച്ചയത്തിന് മുന്നിൽ നിന്നും പോലീസ് കണ്ടെടുത്തു. തമ്മിലടിയിൽ ചില വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ അടുത്തുള്ള ആശുപത്രികളിലൊന്നിലും ആരും ചികിത്സ തേടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അക്രമികൾക്കായി കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും കേസെടുത്തിട്ടില്ലെന്നും കാട്ടാക്കട പോലീസ് പറഞ്ഞു.
0 Comments