banner

'ഭയമില്ലാതെ കണ്ണൂരിലേക്ക്'; സി.പി.എം സെമിനാറിൽ പങ്കെടുക്കാൻ കെ.വി തോമസ്

കൊച്ചി : കെ.പി.സി.സി വിലക്ക് ലംഘിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കും. ഇന്ന് അദ്ദേഹം വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന വിഷയമാണ് സെമിനാറിലുള്ളത്.

സെമിനാറിൽ പങ്കെടുക്കുന്ന കാര്യം മുമ്പുതന്നെ സോണിയാ ഗാന്ധിയേയും താരിഖ് അൻവറിനേയും അറിയിച്ചിരുന്നുവെന്നും കെ.വി തോമസ് പറഞ്ഞു. സി.പി.എം സെമിനാർ ദേശീയ പ്രാധാന്യമുള്ളതാണ്. കേരളത്തിന് പുറത്ത് സി.പി.എമ്മുമായി കൈകോർത്താണ് കോൺഗ്രസ് പോവുന്നത്. പിന്നെന്തിനാണ് ഈ വിരോധമെന്നും കെ.വി തോമസ് ചോദിച്ചു.

സെമിനാറിൽ പങ്കെടുത്താൽ പുറത്താക്കുമെന്നായിരുന്നു ഭീഷണി. ഇത് ശരിയായ കാര്യമാണോ. ഞാൻ പാർട്ടിയിൽ പൊട്ടിമുളിച്ച ആളല്ല. ജന്മം കൊണ്ട് കോൺഗ്രസുകാരനാണ്. ഞാൻ കോൺഗ്രസിന് എന്ത് സംഭാവന ചെയ്തുവെന്നാണ് ചോദിക്കുന്നത്. അത് അറിയണമെങ്കിൽ ചരിത്രം പരിശോധിക്കണം.

ഞാൻ എ.ഐ.സി.സി അംഗമാണ്. എന്നെ പുറത്താക്കാനുള്ള അധികാരം എ.ഐ.സി.സിക്ക് മാത്രമാണ്. പാർട്ടി വിടില്ലെന്നും കെ.വി തോമസ് അറിയിച്ചു. തിരുത്തേണ്ടത് കോൺഗ്രസാണ്. പദവികളൊന്നും വെറുതെ ലഭിച്ചതല്ല. അതിൽ ആർക്കും സംശയം വേണ്ട. 2018-ന് ശേഷം രാഹുൽ ഗാന്ധി മുഖം നൽകിയിട്ടില്ലെന്നും കെ.വി തോമസ് പറഞ്ഞു.

സി.പി.എം 23-ാം പാർട്ടി കോൺഗ്രസിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങൾക്ക് തുടക്കം. സെമിനാറിൽ പങ്കെടുക്കരുതെന്ന് ഹൈക്കമാൻഡ് കെ.വി തോമസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് പങ്കെടുക്കാനുള്ള തീരുമാനം. പാർട്ടി തീരുമാനം ലംഘിച്ചാൽ പാർട്ടിക്ക് പുറത്തായിരിക്കും സ്ഥാനമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും അറിയിച്ചിരുന്നു.

Post a Comment

0 Comments