കൊല്ലം : ദിവസേനയുള്ള ഇന്ധന വിലവർദ്ധനവിന് ഒപ്പം പൊതുജനം ഇനി നിരത്തിലും അതിജീവനത്തിനായി ഗുസ്തി പിടിക്കേണ്ടി വരും. ദേശീയപാത മന്ത്രാലയത്തിൻ്റെ നിർദ്ദേശത്തിന് പിന്നാലെ പുതിയ സാമ്പത്തിക വർഷത്തിൻ്റെ ആരംഭ ദിനമായ ഇന്ന് കൊല്ലം ബൈപ്പാസിൽ കൂട്ടിയ ടോൾ നിരക്ക് പ്രാബല്യത്തിൽ വന്നു.
മുമ്പുണ്ടായിരുന്ന ടോൾ നിരക്കിനേക്കാൾ 10 ശതമാനം അധികം ഈടാക്കാനാണ് തീരുമാനം. കുരീപ്പുഴ ടോൾ പ്ലാസയിൽ നിന്ന് 20 കിലോമീറ്റർ ദൂരപരിധിയിൽ താമസിക്കുന്നവരുടെ സ്വകാര്യ വാഹനങ്ങൾക്ക് പ്രതിമാസം നൽകേണ്ട തുക 285ൽ നിന്ന് 315രൂപയാക്കി. ഇത്തരത്തിൽ എല്ലാ നിരക്കിലും മാറ്റമുണ്ട്.
ടോൾ നിരക്ക് കൂട്ടിയത് ബൈപാസിനെ ആശ്രയിക്കുന്ന സാധാരണ ജനങ്ങളെ ബാധിക്കുമെന്ന് നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു. ആറുവരിപ്പാത പൂർത്തിയാകുംവരെ ടോൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിയായിരിക്കെ ജി സുധാകരൻ ദേശീയപാതാ അതോറിറ്റി ചെയർമാന് കത്തയച്ചിരുന്നു.
ബൈപാസിൽ ടോൾ പിരിക്കുന്നതിനെതിരെ സംസ്ഥാനവും കേന്ദ്രത്തിന് കത്തയച്ചു. യുവ സംഘടനകളും സമരവുമായി രംഗത്തുവന്നിരുന്നു. എന്നാൽ, ദേശീയപാത അതോറിറ്റിയുടെ അനുമതിപ്രകാരമാണ് ടോൾ പിരിക്കുന്നതെന്ന് കരാർ എടുത്ത കമ്പനി അധികൃതർ പറയുന്നു.
0 Comments