banner

അമേരിക്കയെ വീണ്ടും ആശങ്കയിലാക്കി കാട്ടുതീ; വ്യാപക നാശം

വാഷിംഗ്ടൺ. : അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ കാട്ടുതീ പടരുന്നു. അരിസോനയിലും ന്യൂമെക്‌സിക്കോയിലുമാണ് കാട്ടുതീ പടരുന്നത്. ഇവിടങ്ങളിലെ നിരവധി ഗ്രാമങ്ങളും ഒട്ടേറെ വീടുകളും അഗ്നിക്കിരയായി. വീശിയടിക്കുന്ന കാറ്റിൽ തീനാളങ്ങൾ കാടുകളിലേക്കും പുൽമേടുകളിലേക്കും വ്യാപിക്കുകയാണ്. ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും പ്രദേശത്ത് തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്.

മേഖലയിൽ ഇപ്പോഴുള്ളത് വളരെ പ്രതിസന്ധി നിറഞ്ഞ സാഹചര്യമാണെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടായിരത്തോളം അഗ്നിശമന സേനാ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ഇടയ്‌ക്ക് ചെറിയ മഴ പെയ്തിരുന്നെങ്കിലും കാട്ടുതീയ്‌ക്ക് വലിയ ശമനമുണ്ടായില്ല. മൊത്തം 258 ചതുരശ്ര കിലോമീറ്ററോളം കാട്ടുതീ കത്തിയെരിഞ്ഞതായാണ് റിപ്പോർട്ട്.

അരിസോനയിൽ മൂന്നിടങ്ങളിലും ന്യൂമെക്‌സിക്കോയൽ ആറിടങ്ങളിലും തീ കത്തുകയാണ്. പ്രദേശത്തുള്ളവരെ അധികൃതർ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ന്യൂമെക്‌സിക്കോയിലെ സിമറോൺ പട്ടണത്തിൽ നിന്നും മുഴുവൻ ആളുകളേയും മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. ന്യൂമെക്‌സിക്കോയിലെ നാല് കൗണ്ടികളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

അരിസോനയിലെ ഫ്‌ളാഗ്സ്റ്റാഫ് എന്ന മേഖലയിലാണ് കാട്ടുതീ കൂടുതൽ നാശം വിതച്ചത്. ഇവിടെയുള്ള മുപ്പതോളം വീടുകൾ കത്തി നശിച്ചു. ഇടയ്‌ക്കിടയ്‌ക്ക് വരുന്ന വരൾച്ചയാണ് കാട്ടുതീയ്‌ക്ക് കാരണമെന്ന് കാലാവസ്ഥാ ഗവേഷകർ പറഞ്ഞു.

Post a Comment

0 Comments