കഴിഞ്ഞ 27ന് രാത്രിയിലാണ് സംഭവം. ചങ്ങാതിക്കൂട്ടം എന്ന വാട്‌സാപ് ഗ്രൂപ്പിലെ ചർച്ചയ്ക്കിടയിൽ വ്യക്തിപരമായ പരാമർശത്തെ ചൊല്ലി രണജിത്തും അയൽവാസികളായ യുവാക്കളും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് സമീപവാസിയായ അനിൽ രണജിത്തിനെ ഫോണിലൂടെ വെല്ലുവിളിച്ചു. തുടർന്ന് വീട്ടിലേക്കുചെന്ന രണജിത്തും അനിലും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ രണജിത്തിനെ പിടിച്ചു തള്ളിയപ്പോൾ കല്ലിൽ തലയിടിച്ചു വീണ് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അനിലും സംഘവും ചേർന്ന് രണജിത്തിനെ പത്തനാപുരത്തുള്ള ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകുകയും തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു. പിന്നീട് നില വഷളായതോടെ പുനലൂരുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ മരിച്ചു.
തല കല്ലിൽ ശക്തമായി ഇടിച്ചപ്പോളുണ്ടായ മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതെന്ന് പൊലീസ് പറഞ്ഞു. രണജിത്തിന്റെ ഭാര്യ സജിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനിലിന്റെ പേരിൽ പൊലീസ് കേസെടുത്തത്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: ആയുഷ്, ആരവ്.
0 Comments