കൂട്ടുപ്രതിയായ നൗഷാദുമായി നാല് ദിവസം നീണ്ട തെളിവെടുപ്പില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. വൈദ്യനെ കൊലപ്പെടുത്തി വെട്ടിനുറുക്കാന്‍ ഉപയോഗിച്ച കത്തി വാങ്ങിയ കടയില്‍ നൗഷാദുമായി ഇന്നലെ തെളിവെടുപ്പ് നടത്തി. കത്തി വാങ്ങിയതിന്റെ ബില്ലിന്റെ പകര്‍പ്പ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ച് ആദ്യ വെളിപ്പെടുത്തല്‍ നടത്തിയ നൗഷാദിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു.
മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കാന്‍ മൃതദേഹം കിടത്തിയ പലകയുടെ ബാക്കി ഭാഗം കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു. മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫ്, നിഷാദ്, ഷിഹാബുദ്ദീന്‍ എന്നിവരെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചു. ഇന്ന് കസ്റ്റഡയില്‍ ലഭിച്ചാല്‍ നിലമ്പൂരിലെ ഇരുനില വീട്ടില്‍ ഉള്‍പ്പെടെയെത്തിച്ച് തെളിവെടുപ്പ് നടത്തും. മറ്റ് അഞ്ച് പ്രതികളെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ പോലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
നിലമ്പൂര്‍ സ്വദേശികളായ കൈപ്പഞ്ചേരി ഫാസില്‍, കുന്നേക്കാടന്‍ ഷമീം എന്ന പൊരി ഷമീം, പൂളക്കുളങ്ങര ഷബീബ് റഹ്മാന്‍, കൂത്രാടന്‍ മുഹമ്മത് അജ്മല്‍, വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷഫീക്ക് എന്നിവര്‍ക്കു വേണ്ടിയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഷൈബിന്‍ അഷറഫിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സ്വദേശത്തും വിദേശത്തും സഹായികളായി നിന്നവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.
0 Comments