Latest Posts

സ്വര്‍ണമാല മോഷ്ടിച്ച്‌ കടക്കുന്നതിനിടെ വാഹനാപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം : തമിഴ്‌നാട്ടില്‍നിന്ന് യുവതിയുടെ സ്വര്‍ണമാല മോഷ്ടിച്ച്‌ കടക്കുന്നതിനിടെ തിരുവനന്തപുരത്തുവച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.
ഒപ്പമുണ്ടായിരുന്ന ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് :

കഠിനംകുളം സ്വദേശി സജാദ് എന്നയാളാണ് മരിച്ചതെന്നാണ് അറിയുന്നത്. തക്കലയില്‍നിന്ന് ഒരു സ്ത്രീയുടെ 11 പവന്‍ തൂക്കം വരുന്ന മാല മോഷ്ടിച്ച്‌ കടക്കുമ്പോഴാണ് അപകടം. ഒപ്പമുണ്ടായിരുന്ന അമല്‍ എന്നയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ആറരയോടെയാണ് അപകടം.

നരുവാമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പള്ളിച്ചല്‍ പാരൂര്‍ക്കുഴി ദേശീയ പാതയിലാണ് ബൈക്ക് ഡിവൈഡറില്‍ തട്ടി മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ബൈക്കില്‍നിന്ന് തെറിച്ചുവീണ രണ്ടുപേരെയും ഉടന്‍തന്നെ തിരുവനന്തപുരം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും സജാദ് മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലുള്ള അമല്‍ കോട്ടയം പാലാ സ്വദേശിയാണെന്നാണ് വിവരം.

സജാദും അമലും ചേര്‍ന്ന് ഞായറാഴ്ച പുലര്‍ചെ അഞ്ചു മണിയോടെയാണ് തക്കലയില്‍നിന്ന് ഒരു സ്ത്രീയുടെ കഴുത്തില്‍ കിടന്ന 11 പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ച്‌ രക്ഷപ്പെട്ടത്. ഇതുമായി തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പൊട്ടിച്ചെടുത്ത മാല അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമലിന്റെ കയ്യില്‍നിന്ന് കണ്ടെടുത്തു.

0 Comments

Headline