banner

ടോള്‍ നല്‍കില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ, ടോള്‍ വേണമെന്ന് അധികൃതർ; അഞ്ചാലുംമൂട് കുരീപ്പുഴ ടോള്‍ പ്ലാസയില്‍ വാക്കേറ്റം.

അഞ്ചാലുംമൂട് : കുരീപ്പുഴ ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കാൻ വിസമ്മതിച്ച സംഘടനാ പ്രവർത്തകരും ടോള്‍ പ്ലാസ അധികൃതരും തമ്മിൽ വാക്കേറ്റം. കൊല്ലം ബൈപ്പാസിലെ കുരീപ്പുഴ ടോള്‍പ്ലാസയിലാണ് സംഭവം. തിരുവനന്തപുരം ജില്ലയില്‍ നിന്നും  ആലപ്പുഴയിലേക്ക് പോയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും ടോള്‍ പ്ലാസ ജീവനക്കാരും തമ്മിലാണ് വാക്കേറ്റമുണ്ടായത്.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആലപ്പുഴയിൽ നടക്കുന്ന ജനമഹാ സമ്മേളനത്തില്‍ പങ്കെടുക്കുവാനായി രാവിലെ മുതല്‍ നിരവധി വാഹനങ്ങളാണ് ടോള്‍പ്ലാസയിലൂടെ ടോള്‍ നല്‍കി കടന്നുപോയത്.  പിന്നാലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്നെത്തിയ പത്തിലധികം വാഹനങ്ങളിലെ പ്രവര്‍ത്തകരോട് ടോള്‍ ചോദിക്കുകയും ടോള്‍ നൽകാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് ടോള്‍പ്ലാസ അധികൃതരുമായി തർക്കത്തിലേർപ്പെടുകയുമായിരുന്നു. 

ആദ്യം മൂന്ന് വണ്ടികള്‍ മാത്രം സൗജന്യമായി കടത്തി വിടണമെന്ന്‌ ടോള്‍പ്ലാസ അധികൃതരോട് ഇവര്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഈ അവസരം മുതലാക്കി ഇരുപതിലേറെ വണ്ടികള്‍ ടോള്‍ നല്‍കാതെ കടന്നുമപായതായി ടോള്‍പ്ലാസ അധികൃതര്‍ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതോടെ ഇരു വിഭാഗം പേരും തമ്മിൽ വാക്കേറ്റമുണ്ടായി. സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നേരെ അസഭ്യവർഷം ചൊരിഞ്ഞതായി ആരോപണമുണ്ട്.

തുടര്‍ന്ന് സമ്മേളനത്തിന് പോകാനായി എത്തിയ കൂടുതല്‍ വാഹനങ്ങളെത്തുകയും ഇവയെല്ലാം ബൈപ്പാസില്‍ നിര്‍ത്തിയിടുകയും ചെയ്തതോടെ കിലോമീറ്ററുകളോളം ഗതാഗതകുരുക്ക് ഉണ്ടാവുകയും ചെയ്തു. ടോള്‍അധികൃതര്‍ വിവരമറിയിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ അഞ്ചാലുംമൂട് ഇൻസ്പെക്ടർ സി .ദേവരാജന്റെ നേതൃത്വത്തിലുള്ള സംഘം  ഇരുവിഭാഗവുമായി സംസാരിച്ചെങ്കിലും ടോള്‍ നല്‍കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. തുടര്‍ന്ന് ഗതാഗതകുരുക്ക് മണിക്കൂറുകളോളം നീണ്ടതോടെ പൊലീസ് ഇടപെട്ട് വാഹനങ്ങളെല്ലാം കടത്തിവിട്ടു. 

സമ്മേളനത്തിന് പോയ പ്രവര്‍ത്തകര്‍ ബാരിയറുകള്‍ വളച്ചതായും ജീവനക്കാരോട് മോശമായി പെരുമാറിയതായും അധികൃതര്‍ ആരോപിച്ചു. എല്ലാരാഷ്ട്രീയ പാര്‍ട്ടികളും ടോള്‍ അടച്ചാണ് കടന്ന് പോകാറുള്ളതെന്നും ദേശീയപാതാ അധികൃതരുമായി സംസാരിച്ച് തുടര്‍നടപടികള്‍ ആലോചിക്കുമെന്നും ടോള്‍പ്ലാസ അധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments