banner

ആനന്ദ് മഹീന്ദ്ര വാക്കുപാലിച്ചു, ഇഡ്ഡലി അമ്മയ്ക്ക് പുതിയ വീടായി !

കോയമ്പത്തൂര്‍ : ഇഡ്ഡലി അമ്മയെ അറിയാത്തവർ ചുരുക്കമാണ്. “കമലാത്താൾ” എന്നാണ് യഥാർത്ഥ പേര്. ആളുകൾ ഇഡ്ഡലി പാട്ടിയെന്നും ഇഡ്ഡലി അമ്മാ യെന്നും സ്നേഹത്തോടെ അവരെ വിളിക്കുന്നു.

കഴിഞ്ഞ 31 വർഷമായി കോയമ്പത്തൂരിനടുത്തുള്ള ‘വടിവേലംപാളയം’ ഗ്രാമത്തിലെ സ്വന്തം കുടിലിൽ മിക്സിയുടെയും ഗ്രൈൻഡറിന്റെയും സഹായമില്ലാതെ ആട്ടു കല്ലിൽ സ്വയം അരിയാട്ടി വിറകടുപ്പിൽ വച്ച് മീഡിയം വലുപ്പമുള്ള ഇഡ്ഡ്ലിപ്പാത്രത്തിൽ വേവിച്ചാണ് ഒരു ഇഡ്ഡലി ഒരു രൂപ നിരക്കിൽ സാമ്പാറും തേങ്ങാ ചട്ട്ണിയും ഉൾപ്പെടെ വിൽക്കുന്നത്. പലർക്കും അവിശ്വസനീയമായി തോന്നാം ഇതെങ്ങനെ സാധിക്കുന്നു എന്ന്.

10 കൊല്ലം മുൻപുവരെ 50 പൈസയ്ക്കായിരുന്നു ഇഡ്ഡലി വിറ്റിരുന്നത്. 10 വർഷമായി ഇഡ്ഡലിയുടെ വില 1 രൂപയാണ്. തേങ്ങാ ചമ്മന്തിയും സാമ്പാറും അന്നുമിന്നും സൗജന്യം. 

കോവിഡ് ലോക്ക് ഡൗൺ കാലത്താണ് ഇഡ്ഡലിപ്പാട്ടിയുടെ നിസ്വാർത്ഥ സ്നേഹം ലോകമറിയുന്നത്.
നാട്ടിൽക്കുടുങ്ങിപ്പോയ ഇതരസംസ്ഥാനക്കാരു ൾപ്പെടെയുള്ള തൊഴിലാളികൾക്കായി പാട്ടി രാപ്പകൽ പണിയെടുത്ത് ഇഡ്ഡലിയും സാമ്പാറും വിളമ്പി.കയ്യിൽ കാശില്ലാത്തവർക്ക് ഇഡ്ഡ്ലി സൗജന്യമായി നൽകി.

കോവിഡ് കാലം കഴിഞ്ഞ് തൊഴിൽ ലഭ്യമായതോടെ അന്ന് സൗജന്യമായി ഇഡ്ഡലി കഴിച്ച അന്യസംസ്ഥാനതൊഴിലാളികളെല്ലാം പാട്ടിയുടെ കടം വീട്ടിയതും വാർത്തക ളിൽ ഇടം പിടിച്ചിരുന്നു. അതാണ് പാട്ടി.സ്വന്തക്കാരാരുമില്ലാത്ത അവർക്ക് നാട്ടുകാരാണ് എല്ലാമെല്ലാം.

കോവിഡ് കാലത്തെ പാട്ടിയുടെ ഈ പുണ്യപ്രവർത്തിയെ പ്രകീർത്തിച്ചുകൊണ്ട് പ്രസിദ്ധ വ്യവസായി ആനന്ദ് മഹീന്ദ്ര അവരുടെ ഒരു വീഡിയോ സമൂഹമദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൽ കമലാത്താൾ എന്ന പട്ടിയമ്മയ്ക്ക് താൻ ഒരു വീടുവച്ചുനൽകുമെന്നും പ്രഖ്യാപിക്കുകയുണ്ടായി.

ആ പ്രഖ്യാപനം അദ്ദേഹം യാഥാർഥ്യമാക്കിയത് ഇക്കഴിഞ്ഞ മാതൃദിനത്തിലായിരുന്നു. 300 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഈ വീട്ടിൽ ഒരു ബെഡ്‌റൂം, ഒരു ഡൈനിംഗ് ഹാൾ ,സിറ്റ്ഔട്ട് ,അടുക്കള എന്നിങ്ങനെയാണ് സജ്ജീകരണങ്ങൾ. വീടിനാ വശ്യമുള്ള കട്ടിലുൾപ്പെടെയുള്ള ഫർണിച്ചറുകളും ആനന്ദ് മഹീന്ദ്രയാണ്‌ നൽകിയിരിക്കുന്നത്.

ആനന്ദ് മഹീന്ദ്രയുടെ സ്റ്റാഫാണ് പട്ടിയമ്മയ്ക്കായി വസ്തുവാങ്ങിയതും വീട് നിർമ്മിച്ച് കൈമാറിയതും. തിരക്കുമൂലം അദ്ദേഹത്തിന് വരാൻ കഴിഞ്ഞില്ല. മാതൃദിനത്തിൽ വീടിനുള്ളിൽ കടന്ന പാട്ടിയമ്മയുടെ മുഖത്തെ പ്രസന്നത പറഞ്ഞറിയിക്കാനാകില്ലായിരുന്നു. 

തനിക്ക് വീടും സുരക്ഷിതത്വവും സമ്മാനിച്ച ആനന്ദ് മഹീന്ദ്രക്ക് അവർ കൈകൂപ്പി നന്ദിപറഞ്ഞു.
പാട്ടിക്ക് സ്വന്തക്കാരാരുമില്ല. റോഡുവക്കിലെ പുറമ്പോക്കിലുള്ള തൻ്റെ കുടിലിലായിരുന്നു അവരുടെ താമസവും ഇഡ്ഡലി വ്യാപാരവും.ദിവസം 500 ഇഡ്ഡലി ശരാശരി വില്പനയുണ്ട്. ചിലപ്പോൾ അത് മുൻ ഓർഡർ പ്രകാരം 700 വരെയാകും.

1000 ഇഡ്ഡലി വിറ്റ ദിവസങ്ങളുമുണ്ട്. വെളുപ്പിന് 5.30 മുതൽ ഉച്ചവരെയാണ് വ്യാപാരം. ദിവസം ശരാശരി 200 രൂപ മിച്ചം വരുമത്രെ. അവർക്കതുമതി.അതുതന്നെ ജീവിക്കാൻ അധിക മാണെന്നാണ് കമലാത്താൾ പറയുന്നത്.

വർഷങ്ങൾക്കുമുൻപ്, ഒരു രൂപയ്ക്ക് ഇഡ്ഡലിയും സാമ്പാറും തേങ്ങാ ചട്ടിണിയും വിൽക്കുന്ന പാട്ടിയെപ്പറ്റി കേട്ടറിഞ്ഞ ആനന്ദ് മഹീന്ദ്ര ഒരിക്കൽ അതുവഴി കാറിൽ യാത്രചെയ്യവേ പാർട്ടിയുടെ കുടിലെത്തി. പാർട്ടിയോട് വിവരമെല്ലാം വിശദമായി ചോദിച്ചറിഞ്ഞ അദ്ദേഹം അവർ നൽകിയ ഇഡ്ഡലിയും സാമ്പാറും ആസ്വദിച്ചു കഴിച്ചാണ് അന്ന് മടങ്ങിയത്.

മുംബൈയിൽ മടങ്ങിയെത്തിയ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ ഒരു ട്വീറ്റാണ് കമലാത്താൾ എന്ന “ഒരു രൂപായ് ഇഡ്ഡലി പാട്ടി” യെ പ്രസിദ്ധയാക്കിയത്. ഇതായിരുന്നു ആ ട്വീറ്റ് :-
” കമലാത്താളിനെപ്പോലെ നിസ്വാർഥയായ വ്യക്തിയുടെ അമിതലാഭേച്ഛയില്ലാത്ത പരിശ്രമവും സേവനവും നമ്മെ അത്ഭുതപ്പെടുത്തും. ഈ 80 വയസ്സിനപ്പുറവും അവർ സ്വയം അരിയാട്ടി വിറകടുപ്പിൽ തയ്യാറാക്കുന്ന ഇഡ്ഡലി കേവലം 1 രൂപയ്ക്ക് വിൽക്കുന്നത് അവിശ്വസനീയമാണ്. ഏതെങ്കിലും ഗ്യാസ് കമ്പനികൾ അവർക്ക് സിലിണ്ടർ അനുവദിച്ചാൽ ഗ്യാസിൻ്റെ മുഴുവൻ ചെലവും ഗ്യാസ് സ്റ്റോവും ഞാൻ നൽകാൻ സന്നദ്ധനാണ്.”

ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ഫലം കണ്ടു. നടപടിയും ഉടനുണ്ടായി. അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻതന്നെ കാമിലാത്താളിന് എല്‍പിജി ഗ്യാസ് കണക്ഷൻ അനുവദിക്കാൻ കോയമ്പത്തൂരിലെ ഭാരത ഗ്യാസിന് നിർദ്ദേശം നൽകി.

അതിനു മറുപടിയായി ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് എത്തി.. ” വളരെ സന്തോഷം. കമലാത്താളിന്‌ ഗ്യാസ് കണക്ഷൻ നൽകിയതിന് നന്ദി. ഗ്യാസിനുവേണ്ടിവരുന്ന ചെലവുകളും ഗ്യാസ് സ്റ്റോവ് ഉൾപ്പെടെ ഞാനുറപ്പുതന്ന പ്രകാരം പൂർണ്ണമായതും നടപ്പാക്കുന്നതാണ്.” അന്നുമുതൽ ഇന്നുവരെ ഗ്യാസും സ്ററൗവും അവിടെയെത്തിക്കുന്നത് ആനന്ദ് മഹീന്ദ്രയുടെ സ്റ്റാഫ് ആണ്.

ഇപ്പോൾ പാട്ടിയുടെ ഇഡ്ഡലി, ഗ്യാസടുപ്പിലാണ് തയ്യറാകുന്നത്. വിറകും പുകയും പാട്ടിയെ അധികം ശല്യം ചെയ്യുന്നില്ല. അത്രയും ആശ്വാസം.

ആനന്ദ് മഹീന്ദ്ര ഇപ്പോൾ അഭിപ്രായപ്പെട്ടതുപോലെ പാർട്ടിക്ക് ദീർഘായുസ്സുണ്ടാകട്ടെ, ഒപ്പം അവർ സ്നേ ഹത്തിൽ ചാലിച്ചു തയ്യാറാക്കി അരുമയോടെ വിളമ്പുന്ന ഒരു രൂപ ഇഡ്ഡലിവ്യാപാരവും ദീർഘനാൾ തുടരട്ടെ.

Post a Comment

0 Comments