കൊവിഡ് വന്ന് ഭേദമായതിന് ശേഷവും ദീര്‍ഘകാലത്തേക്ക് കൊവിഡ് ലക്ഷണങ്ങളായി വന്ന പ്രശ്‌നങ്ങളോ അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളോ രോഗികളില്‍ നീണ്ടുനില്‍ക്കാറുണ്ട്. ഇതിനെ ‘ലോംഗ്’ കൊവിഡ് എന്നാണ് വിളിക്കാറ്. ‘ലോംഗ്’ കൊവിഡ് മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികളിലും കാണാം. അത് അവരെ ഏതെല്ലാം രീതിയില്‍ ബാധിക്കാമെന്നതിനെ കുറിച്ചാണിനി വിശദീകരിക്കുന്നത്.
കുട്ടികളിലെ ‘ലോംഗ്’ കൊവിഡ്
യൂറോപ്, ഏഷ്യ, ഓസ്‌ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലായി നടത്തിയ പഠനപ്രകാരം കൊവിഡ് ബാധിക്കപ്പെടുന്ന കുട്ടികളില്‍ ഇരുപത്തിയഞ്ച് ശതമാനം പേരിലും ‘ലോംഗ്’ കൊവിഡ് കാണപ്പെടുന്നു. ലക്ഷണങ്ങളില്ലാതെ കൊവിഡ് ബാധിക്കപ്പെട്ട കുട്ടികളില്‍ പോലും ‘ലോംഗ്’ കൊവിഡ് കാണാമെന്നും പഠനം പറയുന്നു.
തീരെ ചെറിയ കുട്ടികളെക്കാളും അല്‍പം കൂടി മുതിര്‍ന്ന കുട്ടികളിലാണ് ‘ലോംഗ്’ കൊവിഡ് വ്യാപകമായി കാണുന്നതത്രേ. 5 മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളെ അപേക്ഷിച്ച് 12 മുതല്‍ 17 വരെയുള്ളവരിലാണ് കൂടുതലും ഉള്ളതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇത് നാല് മുതല്‍ 2 ആഴ്ച വരെയെല്ലാം നീണ്ടുനിന്നേക്കാം.
എങ്ങനെ തിരിച്ചറിയാം?
കുട്ടികള്‍ക്ക് ഏത്അസുഖം ബാധിച്ചാലും അത് തിരിച്ചറിയുക എളുപ്പമല്ല. മുതിര്‍ന്നവരെ പോലെ സ്വയം പ്രശ്‌നങ്ങള്‍ മനസിലാക്കാനോ, അനുഭവപ്പെടുന്ന പ്രശ്‌നങ്ങളെ മറ്റുള്ളവരോട് ധരിപ്പിക്കാനോ കുട്ടികള്‍ക്ക് കഴിയാതെ പോകാം. മാതാപിതാക്കള്‍ക്കാണെങ്കില്‍ ചില ലക്ഷണങ്ങളിലൂടെ ‘ലോംഗ്’ കൊവിഡ് മനസിലാക്കാവുന്നതാണ്.
ഇതിന് മെഡിക്കല്‍ പരിശോധനകളില്ല. മുമ്പേ സൂചിപ്പിച്ചത് പോലെ ലക്ഷണങ്ങള്‍ തന്നെയാണ് ഇത് മനസിലാക്കുവാനുള്ള ഏകമാര്‍ഗം. അത്തരത്തില്‍ കുട്ടികളിലെ ‘ലോംഗ്’ കൊവിഡില്‍ കാണുന്ന ചില ലക്ഷണങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
കുട്ടികളില്‍ അസാധാരണമാം വിധം ക്ഷീണം കാണുകയാണെങ്കില്‍ ഇത് ശ്രദ്ധിക്കണം. ‘ലോംഗ്’ കൊവിഡിന്റെ പ്രധാന ലക്ഷണമാണ് അസഹനീയമായ ക്ഷീണം. കളിക്കാനോ, കായികമായ കാര്യങ്ങള്‍ ചെയ്യാനോ കഴിയാത്തവിധം കുട്ടികള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുന്നത്, തലകറക്കം തോന്നുന്നതെല്ലാം ‘ലോംഗ്’ കൊവിഡ് ആകാം.
രണ്ട്…
പഠനകാര്യങ്ങളില്‍ കുട്ടികള്‍ പിന്നാക്കം പോകുന്നത് പ്രത്യേകം ശ്രദ്ധിക്കുക. കാരണം ‘ലോംഗ്’ കൊവിഡിന്റെ ഭാഗമായി ‘ബ്രെയിന്‍ ഫോഗ്’ ( കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, ഓര്‍മ്മശക്തി കുറയല്‍, ചിന്തകളില്‍ അവ്യക്തത) അതുപോലെ തലവേദന എന്നീ പ്രശ്‌നങ്ങള്‍ വരാം. ഇതുമൂലം കുട്ടികള്‍ പഠനകാര്യങ്ങളില്‍ പിറകിലാകാം.
ഒപ്പം തന്നെ ചില കുട്ടികളില്‍ ‘മൂഡ് ഡിസോര്‍ഡര്‍’ഉം കാണാം. എന്നുവച്ചാല്‍ പെട്ടെന്ന് മാനസികാവസ്ഥകള്‍ മാറിമറിയുന്ന അവസ്ഥ. എളുപ്പം ദേഷ്യം വരിക, സങ്കടം വരിക, സംസാരിക്കാതിരിക്കുക, ഉള്‍വലിയല്‍ എല്ലാം ഇതിന്റെ ഭാഗമായി കാണാം. ഇതെല്ലാം തന്നെ മുതിര്‍ന്നവരിലും ‘ലോംഗ്’ കൊവിഡിന്റെ ഭാഗമായി വരുന്നതാണ്.
മൂന്ന്…
കുട്ടികളില്‍ ‘ലോംഗ്’ കൊവിഡിന്റെ ഭാഗമായി ദഹനപ്രശ്‌നങ്ങളും കാണാം. വയറുവേദന, ദഹനമില്ലായ്മ, വിശപ്പില്ലായ്മ എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഒരുപക്ഷേ കുട്ടികള്‍ക്ക് കൊവിഡിന്റെ അനുബന്ധമായി ഗന്ധമോ രുചിയോ നഷ്ടപ്പെട്ടിരിക്കാം. ഇക്കാര്യം മനസിലാകാതെ ഭക്ഷണത്തോട് വിരക്തിയും ഉണ്ടാകാം. ഭക്ഷണം കുറയുന്നത് കുട്ടികളെ കാര്യമായ രീതിയില്‍ തന്നെയാണ് ബാധിക്കുക.
നാല്…
ചില കുട്ടികളില്‍ ‘ലോംഗ്’ കൊവിഡിന്റെ ഭാഗമായി നെഞ്ചിടിപ്പ് കൂടുക, നെഞ്ചുവേദന എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും കാണാം. ഒപ്പം തലകറക്കവും വരാം. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് പഠിക്കാനോ, കളിക്കാനോ, കായികമായ കാര്യങ്ങളിലേര്‍പ്പെടാനോ ഒന്നും സാധിക്കാതെ വരാം.
‘ലോംഗ്’ കൊവിഡ് ബുദ്ധിമുട്ടുകള്‍ രൂക്ഷമാണെങ്കില്‍ ഇതിന് ചികിത്സ തേടാവുന്നതാണ്. ഓരോ ലക്ഷണത്തിനും പ്രത്യേകം തന്നെ ചികിത്സ തേടാം. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പരിശോധനകളും നടത്താം.
0 Comments