banner

കൊല്ലത്ത് ട്യൂഷനുപോയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; യുവാക്കൾ പിടിയിൽ

കൊല്ലം : ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നാലു യുവാക്കൾ കിളികൊല്ലൂർ പോലീസിന്റെ പിടിയിലായി. വടക്കേവിള മുള്ളുവിള കരിവേലിൽ തെക്കതിൽ വിമൽ (22), പുന്തലത്താഴം രണ്ടാംനമ്പർ ചരുവിളവീട്ടിൽ സുബി (22), പുന്തലത്താഴം ഗുരുദേവ നഗർ-90ൽ ആനന്ദ് (22), പ്രായപൂർത്തിയാകാത്ത പ്ലസ്വൺ വിദ്യാർഥി എന്നിവരാണ് പിടിയിലായത്.

ശനിയാഴ്ച വൈകീട്ടാണ് സംഭവം. രാവിലെ വീട്ടിൽനിന്നു ട്യൂഷനുപോയ പെൺകുട്ടി വൈകിയിട്ടും എത്താതിരുന്നതിനെ തുടർന്ന് പിതാവ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇതിനിടെ സംശയകരമായ സാഹചര്യത്തിൽ ഒരു കാർ കരിക്കോട്-ചാത്തിനാംകുളം ഭാഗത്തേക്കു പോകുന്നതായി പോലീസിനു വിവരം ലഭിച്ചു. കാറിനെ പിന്തുടർന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു.

അന്വേഷണത്തിനായി കൊല്ലം എ.സി.പി. വിജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു. എസ്.എച്ച്.ഒ. വി.വി.അനിൽകുമാർ, എസ്.ഐ.മാരായ എ.പി.അനീഷ്, വി.സ്വാതി, വി.സന്തോഷ്, അൻസർഖാൻ, ജാനസ് പി.ബേബി, ജയൻ കെ.സഖറിയ, സുധീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments