banner

കിണർ ദുരന്തങ്ങളെ സൂക്ഷിക്കുക!: വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

തിരുവനന്തപുരം : ഭൂരിഭാഗം പ്രദേശങ്ങളിലും ഭൂഗർഭ ജലനിരപ്പ് ഇടിയുന്ന സാഹചര്യമുള്ളതിനാൽ കിണർ ദുരന്തങ്ങളെ സൂക്ഷിക്കണമെന്ന് വിദ​ഗ്ധരുടെ മുന്നറിയിപ്പ്. വെള്ളം വറ്റാറാകുമ്പോൾ കിണറിന്റെ ആഴം കൂട്ടുന്നത് സ്വാഭാവികമാണ്. എന്നാൽ പഴക്കമുള്ള കിണറുകൾ കൂടുതൽ ആഴത്തിൽ കുഴിക്കുമ്പോൾ മുകൾ ഭാഗത്ത് വിള്ളലുകൾ ഉണ്ടായി മണ്ണിടിയാം.

കാലപ്പഴക്കത്തിൽ കോൺക്രീറ്റ് റിങ്ങുകളും പൊടിഞ്ഞ് മണ്ണിടിച്ചിലുണ്ടാകും. കിണറിനുള്ളിലെ വിഷവായുവിന്റെ സാന്നിദ്ധ്യത്തെയും വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. തുടർച്ചയായി വെള്ളം കോരാതിരിക്കുന്ന കിണറുകളിൽ കാർബൺ മോണോക്സൈഡിന്റെ അളവ് കൂടുതലാണ്. താഴേക്ക് മെഴുകുതിരി ഇറക്കി നോക്കി ഓക്സിജൻ സാന്നിദ്ധ്യം ഉറപ്പാക്കിയ ശേഷമേ ഇറങ്ങാൻ പാടുള്ളൂ.

കിണർ നിർമ്മാണ തൊഴിലാളികളിൽ പലരും കിണർ ഇറയ്ക്കാനും ആഴം കൂട്ടുന്നതിന് മുന്നോടിയായും ഉഗ്രശേഷിയുള്ള പമ്പുകൾ ഉപയോഗിച്ചാണ് വെള്ളം പറ്റിക്കുന്നത്. ഈ പമ്പുകൾ പ്രവർത്തിക്കുമ്പോൾ കിണറിനുള്ളിൽ ഉണ്ടാകുന്ന പ്രകമ്പനം ഭിത്തികളിൽ വിള്ളൽ സൃഷ്ടിക്കും. ഇത് പിന്നീട് മണ്ണിടിച്ചിലിന് കാരണമാകും.

മഴവെള്ളം കെട്ടിനിന്ന് ഭൂമിയിലേക്ക് താഴാതെ ഒഴുകിപ്പോകുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. ജലലഭ്യത ഉറപ്പാക്കാനും കിണർ ദുരന്തങ്ങൾ ഒഴിവാക്കാനുമുള്ള മാർഗം കിണർ റീചാർജിംഗാണ്. ഒരു പഞ്ചായത്ത് വാർഡിലെ പകുതി വീടുകളിൽ കിണർ റീ ചാർജിംഗ് നടപ്പാക്കിയാൽ ആ പ്രദേശത്തെ ഭൂഗ‌ർഭ ജലനിരപ്പ് സംരക്ഷിച്ച് നിലനിറുത്താം.

Post a Comment

0 Comments