മരണകാരണം ഹൃദയാഘാതം ആണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബിജുവിന്റെ പിതാവ് ബാബുവിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് നടത്തിയ തുടരന്വേഷണത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. ബിജുവിന്റെ ഭാര്യയെ നുണപരിശോധനയ്ക്കു വിധേയമാക്കാനാണ് പൊലീസിന്റെ തീരുമാനം. യുവതിയുടെ അമ്മയുടെ നുണപരിശോധനയ്ക്ക് ഇതുവരെ കോടതിയുടെ അനുമതി ലഭിച്ചിട്ടില്ല.
കൊലപാതകമാണെന്ന് തെളിഞ്ഞെന്നും അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഭാര്യയും അമ്മയും ചേര്‍ന്നു കൊലപ്പെടുത്തിയെന്നാണ് ബിജുവിന്റെ കുടുംബം ആരോപിക്കുന്നത്. യുവതിയുടെ കാമുകനായ അരുണ്‍ ആനന്ദിന് ഈ കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ബിജുവിന് ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. അതിനാല്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കുടുംബത്തില്‍ സംശയത്തിനിടയാക്കി. ബിജു മരിച്ച് മൂന്നാംനാള്‍ അരുണിനൊപ്പം പോകണമെന്ന് ഭാര്യ പറഞ്ഞതും സംശയം വര്‍ധിപ്പിച്ചു. യുവതി അരുണിനൊപ്പം താമസം ആരംഭിച്ചതിനുശേഷമാണ് ബിജുവിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതി നല്‍കിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.
ബിജുവിന്റെ മരണശേഷം കാമുകനായ അരുണ്‍ ആനന്ദിനൊപ്പം താമസം ആരംഭിച്ച യുവതിയുടെ മൂത്ത കുട്ടിയാണ് 2019 ഏപ്രിലില്‍ ഇയാളുടെ ക്രൂരമായ മര്‍ദനത്തിനിരയായി മരിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ ഇളയ സഹോദരനായ നാലു വയസുകാരനെ പീഡിപ്പിച്ച കേസില്‍ അരുണ്‍ ആനന്ദിന് മുട്ടം പോക്‌സോ കോടതി 21 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. യുവതിയുടെ കാമുകനായ അരുണ്‍ ആനന്ദ് ബിജുവിന്റെ പിതാവ് ബാബുവിന്റെ സഹോദരിയുടെ മകനാണ്.
0 Comments