banner

കൊച്ചി മെട്രൊ പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി കണ്ടെത്തി; പിഴുത് മാറ്റി എക്‌സൈസ്

കൊച്ചി മെട്രോ തൂണുകള്‍ക്കിടയിലെ പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി. കഞ്ചാവ് ചെടി കണ്ടെത്തിയ ആള്‍ അറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെത്തി ചെടി പിഴുത് നീക്കി. പാലാരിവട്ടം മെട്രൊ സ്റ്റേഷനു സമീപം മെട്രൊ പില്ലര്‍ 516നും 517നും ഇടയിലുളള ഭാഗത്താണ് കഞ്ചാവ് ചെടി കണ്ടത്. ആരെങ്കിലും ബോധപൂര്‍വം വളര്‍ത്തിയതാണോ അതോ താനെ മുളച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

ഇതുസംബന്ധിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടപ്പള്ളിയില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയതിനെ തുടര്‍ന്ന് മെട്രൊയുടെ മറ്റു പ്രദേശങ്ങളിലും പരിശോധന നടത്തിയേക്കുമെന്നാണ് സൂചന.

എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്. ഏകദേശം നാലുമാസം പ്രായം വരുന്ന ചെടിയാണ് കണ്ടെത്തിയത്. 130 സെന്റിമീറ്ററോളം ഉയരവും 31 ശിഖരങ്ങളും ചെടിക്കുണ്ടായിരുന്നു.

രാജമല്ലി ചെടികള്‍ക്കൊപ്പമാണ് കഞ്ചാവ് ചെടിയും നിന്നിരുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് തിരിച്ചറിയാനും സാധിച്ചിരുന്നില്ല. ആരെങ്കിലും മനഃപൂര്‍വം ചെടി നട്ടുവളര്‍ത്തിയതാകാനാണ് സാധ്യതയെന്നാണ് എക്സൈസ് സംഘത്തിന്റെ പ്രാഥമികനിഗമനം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments