കഴിഞ്ഞ ദിവസം വെണ്ണലയിൽ നടന്ന ഒരു പൊതു ചടങ്ങിനിടെയാണ് പി സി ജോർജ് വീണ്ടും മതസ്പർധ വളർത്തുന്ന തരത്തിൽ പ്രസംഗിച്ചത്.പാലാരിവട്ടം പൊലീസാണ് രാവിലെ 11.30 ഓടെ എഫ്ഐആർരജിസ്റ്റർ ചെയ്തത്. ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്തതിന് സമാനമായിട്ടാണ് പാലാരിവട്ടം പൊലീസ് സ്വമേധയാ പിസിക്കെതിരെ കേസെടുത്തിരിക്കുന്നത്.
മതവിദ്വേഷം വ്രണപ്പെടുത്തുന്ന തരത്തിൽ പ്രസംഗം നടത്തി നാട്ടിൽ കലാപം സൃഷ്ടിക്കുന്നതിന് ഇത് ആഹ്വാനം ചെയ്യുന്നതാണെന്നാണ് കേസിൽ പറയുന്നത്. ജാമ്യം ലഭിക്കാനിടയില്ലാത്ത 153 A, 295 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. നേരത്തെ, തിരുവനന്തപുരം ഫോർട്ട് പൊലീസും ഈ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്.153 A വകുപ്പ് പ്രകാരം സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിക്കില്ല, മജിസ്ട്രേറ്റിന് മാത്രമേ ജാമ്യം നൽകാൻ കഴിയുകയുള്ളൂ.
ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ പി സി ജോർജിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, സർക്കാർ വാദം കേൾക്കാതെ വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. മാത്രമല്ല, ജാമ്യം ലഭിച്ചതിന് പിന്നാലെ വീണ്ടും മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നിൽ നിന്ന് ജാമ്യോപാധികൾ ലംഘിക്കുന്ന തരത്തിൽ പ്രസ്താവനകളും നടത്തിയിരുന്നു.
ജാമ്യം റദ്ദാക്കണമെന്നുള്ള സർക്കാർ വാദം നാളെ മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വിവാദ പ്രസ്താവനയുടെ പേരിൽ വീണ്ടും ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്. സർക്കാരിന്റെ വാദമുഖങ്ങൾ കേസ് കോടതിയിൽ വരുമ്പോൾ വീണ്ടും അംഗീകരിക്കാവുന്ന തരത്തിൽ അവതരിപ്പിക്കാൻ കഴിയുന്ന നിലയിലാണ് നിലവിലെ സാഹചര്യമുള്ളത്. കൊച്ചി പൊലീസ് ഈ സംഭവത്തിൽ ഇനി നടത്തുന്ന നീക്കങ്ങളും നിർണായകമാകും.
0 Comments