banner

മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന്റെ പേരില്ലാതെ കുറ്റപത്രം; താരപുത്രൻ്റെ മകന് ആശ്വാസം

ക്രൂയിസ് മയക്കുമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ആശ്വാസം. എൻസിബിയുടെ കുറ്റപത്രത്തിൽ ആര്യൻ ഖാന്റെ പേരില്ല. കേസിൽ പുതിയ കുറ്റപത്രം എൻസിബി സമർപ്പിച്ചു.
ആര്യനടക്കം ആറ് പേരെ കേസിൽ നിന്ന് ഒഴിവാക്കി. കേസിൽ ആര്യൻ ഖാനെതിരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് എൻസിബിയുടെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നു. എന്നാൽ അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർക്കെതിരെ കേസ് നിലനിൽക്കും.

കേസില്‍ കുടുക്കിയതാണെന്ന് ഒരു സാക്ഷി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിജയ് പഗാരെ എന്നയാളാണ് ഒരു മറാത്തി ചാനലിനോട് വെളിപ്പെടുത്തൽ നടത്തിയത്. ആര്യനെ കുടുക്കി പണം തട്ടാൻ കിരൺ ഗോസാവി, മനീഷ് ബനുശാലി,സുനിൽ പാട്ടീൽ എന്നിവർ ചേർന്ന് പദ്ധതിയിട്ടുവെന്നും ഇയാൾ പറയുന്നു.

റെയ്ഡിന് മുൻപ് ഈ സംഘത്തിനൊപ്പം ഹോട്ടൽ മുറിയിൽ താമസിച്ചെന്ന് വിജയ് പഗാരെ പറഞ്ഞു. റെയ്ഡിന് 5 ദിവസം മുൻപ് വലിയൊരു ഡീൽ നടക്കാൻ പോവുന്നെന്ന് തന്നോട് പറഞ്ഞുവെന്നും ബനുശാലി 25 കോടിയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടുവെന്നും ഇയാൾ പറഞ്ഞു. ആര്യനാണ് അറസ്റ്റിലായതെന്ന് മനസിലായത് എൻസിബി ഓഫീസിലെത്തിയതിന് പിന്നാലെയാണ്. ആര്യൻ ഖാന്‍റെ അഭിഭാഷകനെ വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും വിജയ് പഗാരെ വെളിപ്പെടുത്തി. 

എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നെന്ന് സാക്ഷിയായ പ്രഭാകർ സെയ്ൽ നേരത്തെ ആരോപിച്ചിരുന്നു. ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോസാവി അറസ്റ്റിന് പിറ്റേന്ന് ഷാരൂഖിന്‍റെ മാനേജരെ കണ്ടു. കിരൺ ഗോസാവിയെന്ന മറ്റൊരു സാക്ഷി കസ്റ്റഡിയിലുള്ള ആര്യൻഖാനെകൊണ്ട് ഫോണിൽ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകർ പുറത്ത് വിട്ടിരുന്നു. 

Post a Comment

0 Comments