കോട്ടയം : ശനിയാഴ്ച ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. ഐപിസി 153 എ വകുപ്പുപ്രകാരം കേസെടുത്ത പോലീസ് സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. മുദ്രാവാക്യം വിളിച്ച കുട്ടിയെ റാലിയില്‍ കൊണ്ടുവന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. കുട്ടിയെകൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച കേസിലാണ് ഒരാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ഈരാറ്റുപേട്ട സ്വദേശി അന്‍സാറിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയില്‍ നിന്നും എത്തിയ പോലീസ് സംഘം രാത്രി 10 മണിയോടെയാണ് അന്‍സാറിനെ കസ്റ്റഡിയില്‍ എടുത്തത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഈരാറ്റുപേട്ട നഗരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിനായിരുന്നു കേസ്. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരുന്നു ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്. രണ്ടു ദിവസം മുമ്പാണ് ആലപ്പുഴയില്‍ നടന്ന പ്രകടനത്തിനിടെ ഒരാളുടെ തോളിലിരുന്ന് ചെറിയ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്.
റാലിയുടെ സംഘാടകര്‍ക്കെതിരെയും കേസെടുത്തിരുന്നു. സംഭവത്തില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിരുന്നു. കേന്ദ്ര ഏജന്‍സികളും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ തേടിയെന്നാണ് വിവരം.
10 വയസ്സ് പോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലില്‍ ഇരുന്ന് വിദ്വേഷ മുദ്രവാക്യം വിളിക്കുകയും മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്യുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ സംഭവമെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുക. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിവിധ മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു ഇത്. എന്നാല്‍ കുട്ടിയെ പോപ്പുലര്‍ ഫ്രണ്ട് തള്ളിപ്പറഞ്ഞു.
0 Comments