തെക്കേ ഇന്ത്യൻ തീരത്ത് എത്തിച്ചശേഷം എവിടേക്കാണ് ഹെറോയിൻ കൊണ്ടുപോകാനിരുന്നതെന്നും അന്വേഷിക്കുന്നുണ്ട്. ലക്ഷദ്വീപിലെ അഗത്തിക്കടുത്ത് പുറങ്കടലിൽ നിന്നാണ് 218 കിലോ ഹെറോയിൻ കഴിഞ്ഞ ദിവസം പിടികൂടിയത്. സംഭവത്തിന് രാജ്യാന്തര മാനങ്ങൾ ഉളളതിനാൽ കേസ് എൻ ഐ എ ഏറ്റെടുക്കുമെന്നാണ് വിവരം.
കൊച്ചിയുടെ പുറംകടലിൽ തമിഴ്‌നാട്ടിൽനിന്ന് എത്തിയ രണ്ട് ബോട്ടുകളിൽനിന്ന് 1,526 കോടിയുടെ ഹെറോയിൻ പിടിച്ചു. സംഭവത്തിൽ തമിഴ്‌നാട്ടുകാരായ 20 പേരെയാണ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച പുലർച്ചെ തീരസംരക്ഷണസേനയും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) നടത്തിയ പരിശോധനയിലാണ് 218 കിലോ ഹെറോയിൻ കണ്ടെത്തിയത്. അടുത്തിടെ കേരള തീരത്തിനുസമീപം നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിത്.
ഓരോ കിലോ പാക്കറ്റുകളായി പ്രിൻസ്, ലിറ്റിൽ ജീസസ് ബോട്ടുകളിൽ പ്രത്യേക അറയിലാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. ബോട്ടിൽ ഉണ്ടായിരുന്നവരെ ചോദ്യംചെയ്യുകയാണ്. പുറംകടലിൽവച്ചാണ് ഹെറോയിൻ ലഭിച്ചതെന്നും അത് ബോട്ടിൽ ഒളിപ്പിച്ചതാണെന്നുമാണ് ഇവർ പറഞ്ഞത്. റവന്യു ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഓപ്പറേഷൻ ഖോജ്‌ബീനിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. കോസ്‌റ്റ് ഗാർഡ് കപ്പൽ സുജീത്തിന്റെ സഹായത്തോടെയാണ് ബോട്ടുകൾ കസ്‌റ്റഡിയിലെടുത്തത്. 18 മുതൽ ബോട്ടുകളെ നിരീക്ഷിക്കുകയായിരുന്നു. ഹൈ ഗ്രേഡ് വിഭാഗത്തിൽപ്പെട്ട ഹെറോയിനാണിതെന്ന് ഡിആർഐ അറിയിച്ചു. ഒരുമാസത്തിനിടെ ഡിആർഐയുടെ നാലാമത്തെ വലിയ മയക്കുമരുന്നുവേട്ടയാണിത്. ഏപ്രിൽ 20ന് ഗുജറാത്ത് കണ്ട്‌ല തുറമുഖത്ത് 205.6 കിലോ ഹെറോയിൻ പിടിച്ചെടുത്തിരുന്നു. 2021 ഏപ്രിൽ 19ന് അറബിക്കടലിൽ 3000 കോടിയുടെ മയക്കുമരുന്നുമായി മീൻപിടിത്ത ബോട്ടും പിടിച്ചെടുത്തിരുന്നു.
0 Comments