banner

അഞ്ചാലുംമൂട്ടിലൂടെ സർവീസ് നടത്തുന്ന ചില സ്വകാര്യ ബസുകളുടെ മത്സരയോട്ടം, യാത്രക്കാർക്ക് ഭീഷണിയാകുന്നു; അധികൃതർക്ക് മൗനം

അഞ്ചാലുംമൂട് : സ്വകാര്യ ബസുകളുടെ മത്സരയോട്ടം യാത്രക്കാർക്ക് ഭീഷണിയാകുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിൽ റൂട്ടുകൾ ഉള്ള ചില സ്വകാര്യ ബസുകൾ തമ്മിലാണ് മത്സരയോട്ടം കൂടുതലും. മോട്ടോർ വെഹിക്കിൽ വിഭാഗം ഒരർത്ഥത്തിൽ ബസുകളുടെ മത്സരയോട്ടത്തിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. യാത്രക്കാർ പരാതി നൽകാത്തതും ഇവരുടെ മൗനത്തിന് സഹായകമാകുന്നു.

ഗതാഗത കുരുക്കിൽ വിർപ്പ്മുട്ടുന്ന അഞ്ചാലുംമൂട് ജംങ്ഷനിലൂടെ അമിത വേഗതയിലുള്ള ബസുകളുടെ സഞ്ചാരം വലിയ ഭീഷണിയാണ് യാത്രികർക്കും കാൽനടയാത്രക്കാർക്കും നൽകുന്നത്. അടുത്തിടെ പെട്രോൾ പമ്പിന് സമീപം അഞ്ച് മിനിറ്റ് ബ്ലോക്കിൽപ്പെട്ട സ്വകാര്യ ബസ് സമയം തിരികെ പിടിക്കുന്നപെടാപ്പാടിൽ അഞ്ചാലുംമൂട് ജംങ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയത് അഷ്ടമുടി ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. അത് പോലെ ഓട്ടോസ്റ്റാന്റിന് മുമ്പിലെ സ്റ്റോപ്പിൽ യാത്രക്കാർ ഇറങ്ങുന്നതിനും കയറുന്നതിനും മുമ്പേ വണ്ടി മുന്നോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളാണ് ദിവസവും നടക്കുന്നത്.

 സ്വകാര്യ ബസിൻ്റെ വാതിൽ അടച്ചു മാത്രം സർവ്വീസ് നടത്താനാണ് നിർദ്ദേശം എന്നാൽ അമിത വേഗതയിൽ ചില ബസുകൾ ഡോർ തുറന്നുവെച്ചിരിക്കും. കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള താമസം ഒഴിവാക്കാനാണിത്. പ്രായമായവരും ചെറിയ കുട്ടികളുമെല്ലാം യാത്രക്കാരുടെ കൂട്ടത്തിലുള്ളതിനാൽ വളരെ അപകടകരമായ സാഹചര്യമാണ്  സ്വകാര്യ ബസ് ജീവനക്കാർ പലപ്പോഴും സൃഷ്ടിക്കുന്നത് . 
സ്വകാര്യ ബസ് ജീവനക്കാർ തമ്മിലെ സമയത്തിന്‍റെ പേരിലുള്ള തർക്കവും വാക്കേറ്റവും അഞ്ചാലുംമൂട് ജംങ്ഷനിലെ പതിവ് കാഴ്ചയാണ്. ഇത് കൂടാതെയാണ് കെ.എസ്.ആർ.ടി.സി യുമായുള്ള പോരാട്ടം. സാധാരണ യാത്രക്കാരാണ് ഇവർക്കിടയിലെ പ്രശ്നങ്ങളുടെ ദുരിതമത്രയും അനുഭവിക്കുന്നത്. 

വിദ്യാർത്ഥികൾക്കിടയിൽ ഫാൻസിനെ സൃഷ്ടിക്കാൻ ഒറ്റക്കൈ മാത്രം ഉപയോഗിച്ച് സ്റ്റീയറിംഗ് തിരിക്കുന്ന ഡ്രൈവർമാരും ഈക്കൂട്ടത്തിലുണ്ട്. കൃത്യമായ യൂണിഫോമില്ലാതെ ജോലി ചെയ്യുന്ന കണ്ടക്ടർമാരും കുറവല്ല. പലതവണ പരാതി ഉയർന്നിട്ടുണ്ടെങ്കിലും മത്സരയോട്ടത്തിന് തീർപ്പു കല്പിക്കാൻ അധികാരികൾ തയാറാകാത്തതിൽ വലിയ ജനരോക്ഷം ഉയരുന്നുണ്ട്.

Post a Comment

0 Comments