അഞ്ചാലുംമൂട് : വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന അഞ്ചാലുംമൂട്ടിലെ സർക്കാർ ബിവറേജസ് ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ദൈദിനം എത്തിച്ചേരുന്ന അഞ്ചാലുംമൂട് ജംങ്ഷനിൽ നിന്ന് സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായിട്ടാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തുന്നത്.
ഔട്ട്ലറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് തൊട്ടടുത്താണ് ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന അഞ്ചാലുംമൂട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളും, കുരുന്നുകൾ പഠിക്കുന്ന ജി.എൽ.പി.എസും സ്ഥിതി ചെയ്യുന്നത്. മാത്രമല്ല നൂറ് മീറ്റർ ചുറ്റളവിലാണ് അഞ്ചോളം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
വൈകുന്നേരങ്ങളിലെ അഞ്ചാലുംമൂട്ടിലെ ഗതാഗത കുരുക്കിന് പ്രധാന കാരണം ഈ സർക്കാർ വക ബിവറേജസ് ഔട്ട്ലെറ്റ് തന്നെയാണ്. മുൻ കാലങ്ങളിൽ പൊതുജനങ്ങൾക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടാകുന്ന മദ്യശാല ഇവിടെനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പലരും രംഗത്ത് വന്നിരുന്നെങ്കിലും അവരെയെല്ലാം സ്വകാര്യ ലോബികൾ നിശബ്ദരാക്കിയതായും വിമർശനമുണ്ട്.
0 Comments