ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കൊട്ടാരക്കര റസ്റ്റ് ഹൗസില്‍ വിവിധ വകുപ്പുകളുടെ മേധാവിമാരുമായി നടത്തിയ പദ്ധതി നിര്‍വഹണ പുരോഗതി അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
മഴക്കാലമെത്തും മുമ്പേ റോഡുകളുടെ കുഴിയടക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്തണം. റോഡ് വികസനത്തിന് മുന്‍ഗണന നല്‍കിയുള്ള വികസനമാണ് ലക്ഷ്യം.
റോഡുകള്‍ക്ക് പുറമേ പാലങ്ങളും അടിയന്തര പ്രാധാന്യത്തോടെ നിര്‍മിക്കണം. കൊല്ലം-ചെങ്കോട്ട പാതയില്‍ പാലങ്ങളുടേയും മേല്‍പ്പാലങ്ങളുടേയും നിര്‍മാണത്തിനുള്ള പ്രാഥമിക നടപടികള്‍ പുരോഗമിക്കുകയാണ്.
കിഫ്ബിയുടെ ഫണ്ട് വിനിയോഗിക്കുന്ന രണ്ട് പാലങ്ങളുടെ നിര്‍മാണത്തിനും തയ്യാറെടുപ്പുകളായി. കൊട്ടാരക്കര റിംഗ് റോഡ് ഉടന്‍ പൂര്‍ത്തീകരിക്കും. നബാര്‍ഡിന്റെ വന്‍കിട പദ്ധതികളില്‍ ഉള്‍പ്പെടുന്ന റോഡുകളുടെ ടെണ്ടര്‍ നടപടികളും സ്വീകരിക്കുന്നു.
കുടിവെള്ള പദ്ധതികളും അതിവേഗം പുരോഗമിക്കുകയാണ്. ഇതിനായി എടുക്കുന്ന കുഴികളുടെ നികത്തല്‍ ഉടന്‍ നടത്തണം. റോഡ് വികസനത്തിന്റെ ഭാഗമായി മാറ്റപ്പെട്ട വൈദ്യുത പോസ്റ്റുകളുടെ നഷ്ടപരിഹാരം കെ.എസ്.ഇ.ബിയ്ക്ക് അടിയന്തരമായി ബന്ധപ്പെട്ട വകുപ്പുകള്‍ കൈമാറണം.
ഇക്കാര്യത്തിലെ കാലതാമസം നിര്‍മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കരുത്. കൊട്ടാരക്കരയില്‍ പുതിയ വിദ്യാഭ്യാസ സമുച്ചയ നിര്‍മാണത്തിനുളള നടപടികളും അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത്, കെ.എസ്.ടി.പി, തദ്ദേശ സ്വയംഭരണം, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വിവിധ പദ്ധതികളുടെ പുരോഗതി വിശദീകരിച്ചു.
0 Comments