banner

മൂകാംബികയിലേക്കുള്ള സ്വിഫ്റ്റ് ബസ് വഴി തെറ്റി ഗോവയിൽ എത്തിയോ?, എന്താണ് വസ്തുത!

തിരുവനന്തപുരം : മൂകാംബികയിലേക്ക് പോയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിലെത്തി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളാണ് സോഷ്യൽമീഡിയയിൽ രണ്ട് ദിവസമായിട്ട് പലരും പങ്കുവെക്കുന്നത്.

യഥാർഥത്തിൽ ബസ് ഗോവയിലെത്തിയോ, അതോ മൂകാംബികയിൽ തന്നെയാണോ എത്തിയത്, വഴിതെറ്റിയോ, ഈ ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് പ്രതികരിക്കുകയാണ് സ്വിഫ്റ്റ് അധികൃതർ. ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ല എന്ന് അധികൃതർ വിശദീകരിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ച മൂകാംബികയിലേക്ക് പോയ ബസാണ് വഴിതെറ്റി ഗോവയിലെത്തി എന്ന തരത്തിലുള്ള വാർത്തകളും ദൃശ്യങ്ങളും പ്രചരിച്ചത്.

ബസിന് വഴിതെറ്റിയിരുന്നു, ഗോവയിലേക്ക് പോകുന്ന വഴിയിലൂടെ കുറച്ചു ദൂരം പോയപ്പോൾ തന്നെ ഡ്രൈവർക്ക് വഴിതെറ്റി എന്ന് മനസ്സിലാകുകയും ബസ് തിരിക്കുകയുമായിരുന്നു. യാത്രക്കാർ പുറത്തുനോക്കിയപ്പോൾ കടല് കാണുകയും ചെയ്തു. അതിനെ ചുറ്റിപ്പറ്റിയാണ് ഇങ്ങനെയൊരു വാസ്തവവിരുദ്ധമായ വാർത്ത പ്രചരിച്ചതെന്നും അധികൃതർ പറയുന്നു.

കുന്ദാപുരയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ ഗോവയും വലത്തോട്ട് തിരിഞ്ഞാൽ മൂകാംബികയുമാണ്. എന്നാൽ ഡ്രൈവർ ഇടത്തോട്ടുള്ള വഴിയിലേക്ക് തിരിച്ചു. പത്തോ പതിനഞ്ചോ കിലോമീറ്റർ മുമ്പോട്ട് പോയപ്പോൾ തന്നെ വഴിതെറ്റി എന്ന് മനസ്സിലാക്കിയ ഡ്രൈവർ ബസ് തിരിക്കുകയും ചെയ്തു. പുലർച്ചെ ആയിരുന്നു സംഭവമെന്നും സ്വിഫ്റ്റ് അധികൃതർ വ്യക്തമാക്കി.

ജിപിഎസ് ഘടിപ്പിച്ച വാഹനമായതിനാലും ഓടിയെത്തിയ കിലോമീറ്റർ തിട്ടപ്പെടുത്തിയും ബസ്സിൽ സഞ്ചരിച്ച യാത്രക്കാരിൽ നിന്ന് വിവരങ്ങൾ തേടിയ ശേഷവുമാണ് ഗോവ കഥ കെട്ടുകഥയാണെന്ന് കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു

Post a Comment

0 Comments