banner

സ്ത്രീധന പീഡനം: ഭർത്താവിന് ശിക്ഷയിൽ കുറവില്ല, ഭർതൃസഹോദരിമാർക്ക് ആറുമാസം ഇളവ്

തിരുവനന്തപുരം : സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും സഹോദരിമാരും ചേർന്ന് മർദിച്ചതിൽ മനംനൊന്ത് വിഷംകഴിച്ച് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന് ശിക്ഷയിൽ ഇളവ് നൽകാനാകില്ലെന്ന് കോടതി. എന്നാൽ ഭർത്താവിന്റെ സഹോദരിമാരെ സ്ത്രീകൾ എന്ന പരിഗണനയുടെ പേരിൽ ശിക്ഷയിൽ ആറുമാസം കോടതി ഇളവു നൽകി. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി മിനി എസ്.ദാസിന്റേതാണ് ഉത്തരവ്.

തമ്പാനൂർ തേരിവിള ഉത്രാടം ഹൗസിൽ ഷീബാറാണിയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് കവടിയാർ ശ്രീവിലാസ് ലെയ്ൻ പ്ളാവിളാകത്തുവീട്ടിൽ കെ.ജയചന്ദ്രൻ ഇയാളുടെ സഹോദരിമാരായ എസ്.ജമുനാദേവി, എസ്.ജയലക്ഷ്മി എന്നിവരാണ് കേസിലെ പ്രതികൾ. നേരത്തേ അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ഇവരെ ഒരുവർഷം കഠിന തടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടാണ് പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചത്.

2008 ജൂലായ് 20നാണ് ഷീബാറാണി ആത്മഹത്യ ചെയ്തത്. ഷീബാറാണിയുടെ വീട്ടുകാർ ജയചന്ദ്രന് ഒരുലക്ഷം രൂപയും 65 പവൻ സ്വർണാഭരണങ്ങളും നൽകിയിരുന്നു. ഇത് കൂടാതെ രണ്ടുലക്ഷം രൂപ കൂടി വേണമെന്നായിരുന്നു ജയചന്ദ്രന്റെയും സഹോദരിമാരുടെയും ആവശ്യം. ഇതിനായി മൂവരും ഷീബാറാണിയെ നിരന്തരം മർദിച്ചിരുന്നു. ഇക്കാര്യം ഷീബാറാണി ഗൾഫിലുള്ള തന്റെ സഹോദരൻ ഷിബു കുമാറിനെ ഫോണിലറിയിച്ചിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് ഷീബാറാണി തന്റെ അമ്മ നിർമ്മലരാജനോടും പീഡനവിവരം പറഞ്ഞു. നിർമ്മലരാജനു വേണ്ടി മുൻ പബ്ളിക് പ്രോസിക്യൂട്ടർ കെ.വേണിയാണ് കോടതിയിൽ ഹാജരായത്.

Post a Comment

0 Comments