banner

അഞ്ചാലുംമൂട്ടിലെ മയക്കുമരുന്ന് വേട്ട: ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ; യുവതയുടെ കാലനോ?, എന്താണ് എംഡിഎംഎ?


അടുത്തിടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ലഹരിമരുന്നു കേസുകളില്‍ കൂടുതലായും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് എംഡിഎംഎ എന്നത്. ലഹരി മരുന്നുകളില്‍ അതിമാരകവും വിലകൂടിയതുമാണ് എംഡിഎംഎ. കൊച്ചി പോണേക്കരയില്‍ വ്‌ലോഗറായ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ടും എംഡിഎംഎ എന്ന പേര് ഉയര്‍ന്ന് കേട്ടിരുന്നു. കൊല്ലത്ത് രണ്ടിടങ്ങളിൽ നിന്നായി 35 ഗ്രാമോളം എംഡിഎംഎ പിടിച്ച സംഭവം നമ്മൾ ഞെട്ടലോടെയാണ് കേട്ടത് അന്ന് കൊല്ലം നിലമേലിലായിരുന്നു സംഭവം. ഇന്നിതാ ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട കൊല്ലം അഞ്ചാലുംമൂട്ടിലും സംഭവിച്ചിരിക്കുന്നു.

എന്താണ് എംഡിഎംഎ ?

ഇതുപയോഗിക്കുന്ന യുവാക്കൾ പറയുന്നു തങ്ങൾ എംഡിഎംഎ ഉപയോഗിക്കുന്നതിന് ശേഷം പന്ത്രണ്ട് മണിക്കൂര്‍ വരെ സജീവമായി നിലനിർത്താൻ ഹാലൂസിനോജനായ മെസ്‌കാലിന്‍, മെത്താമെഫ്റ്റമിന്‍ എന്നിവയുടെ കെമിക്കല്‍ സ്ട്രക്ച്ചറിനോട് സാമ്യമുള്ള സിന്തറ്റിക്, സൈക്കോ ആക്ടീവ് ലഹരി മരുന്നായ എംഡിഎംഎ സഹായിക്കുന്നുവെന്ന്. രണ്ട് ദിവസം വരെ ഇതിന്റെ സ്വാധീനം നിലനില്‍ക്കും. മോളി എന്നും അറിയപ്പെടുന്ന എംഡിഎംഎ, എക്സ്റ്റസി എന്നറിയപ്പെടുന്ന മറ്റൊരു ലഹരിമരുന്ന് ഉപയോഗിച്ച ശേഷം മേമ്പൊടിയായാണ് പൊതുവേ ഉപയോഗിക്കാറുള്ളത്.

തലച്ചോറിലെ നാഡികള്‍ തമ്മില്‍ വിവരം കൈമാറുന്ന രാസപദാര്‍ത്ഥങ്ങളായ സെറോടോണിന്‍, ഡോപോമിന്‍, നോര്‍എപ്പിനെഫ്രിന്‍ എന്നിവയിലാണ് നേരിട്ട് എംഎഡിഎംഎ സ്വാധീനം ചെലുത്തുക. ഉയര്‍ന്ന മാനസികാവസ്ഥ, സഹാനുഭൂതി, വൈകാരിക അടുപ്പം എന്നിവ ഉണ്ടാവാന്‍ കാരണമായ രാസപദാര്‍ത്ഥമാണ് സെറോടോണിന്‍. അതിനാല്‍, എംഡിഎംഎ ഉപയോഗിക്കുന്നതോടെ മൂഡിനേയും എനര്‍ജിയേയും വിശപ്പിനേയും ലൈംഗിക ഉത്തേജനത്തേയും ഉറക്കത്തേയും ഹൃദയത്തിന്റെ മിടിപ്പിനേയും രക്ത സമ്മര്‍ദ്ദത്തേയുമെല്ലാം ഇത് ബാധിക്കുന്നു.

ടാബ്ലെറ്റ്/ ക്യാപ്‌സൂള്‍ രൂപത്തിലും ക്രിസ്റ്റല്‍ രൂപത്തിലും പൊടിയായും എംഡിഎംഎ ലഭിക്കുന്നുണ്ട്. വെള്ളത്തില്‍ കലര്‍ത്തിയും കത്തിച്ച് വലിച്ചും മൂക്കിലൂടെ വലിച്ചും എംഡിഎംഎ ഉപയോഗിക്കാറുണ്ട്. അപൂര്‍വ്വം ചില ആളുകള്‍ കുത്തിവെയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എംഡിഎംഎയുടെ ഗുണം, ഉപയോഗിക്കുന്ന വ്യക്തി, ഉപയോഗിക്കുന്ന സാഹചര്യവും അന്തരീക്ഷവും ഇതിന്റെ ഫലത്തെ സ്വീധീനിക്കുന്നു. ഉയര്‍ന്ന ആനന്ദം, ആത്മവിശ്വാസം, ഊര്‍ജ്ജം എന്നിവയാണ് ഉപയോഗിക്കുന്നവരില്‍ ഉണ്ടാകുന്ന ഫലം.

ആദ്യത്തെ ഉപയോഗത്തില്‍ വായയിലെ തൊലി അടര്‍ന്നുപോകുന്നുവെന്ന് ഉപയോഗിച്ചവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എംഡിഎംഎ ഉപയോഗിക്കിച്ച് അതിന്റെ ഫലം പോവുന്നതോടെ ഉറക്കം കുറയുകയും കൂടുതലായി ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ പല്ലുകൊഴിയുന്നതായും കണ്ടെത്തുകയും ചെയ്യുന്നു. സ്ഥിരമായി ഉപയോഗിക്കുന്നത് മൂന്ന് വര്‍ഷത്തിനുള്ളില്‍ മരണം സംഭവിച്ചേക്കാന്‍ വരെ കാരണമാവുന്നു. വല്ലപ്പോഴും ഉപയോഗിക്കുന്നത് പോലും അതിമാരകമായ അവസ്ഥയ്ക്ക് കാരണമാവുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

ഉപയോഗിച്ചു കഴിഞ്ഞാല്‍ മദ്യം പോലെയോ പുകവലി പോലെയോ മണമില്ല എന്നത് കൂടിയാണ് എംഡിഎംഎ യുവാക്കളില്‍ കൂടുതല്‍ സ്വീകാര്യത കിട്ടാന്‍ കാരണം. കേരളത്തില്‍ ഉപയോഗം കൂടിയതോടെ എംഡിഎംഎ കുക്കിംഗും വര്‍ധിച്ചതായി വിവരമുണ്ട്. മൊത്തമായി ശേഖരിക്കുന്ന എംഡിഎംഎയില്‍ നിരോധിതമായ ചില രാസപദാര്‍ഥങ്ങള്‍ കൂടി ചേര്‍ത്ത് ശക്തി വര്‍ധിപ്പിക്കുന്നതിനെയാണ് എംഡിഎംഎ കുക്കിംഗ് എന്ന് വിളിക്കുന്നത്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് ഉപയോഗം നിര്‍ത്താന്‍ കഴിയാത്ത രീതിയില്‍ അടിമകളാക്കാന്‍ ഈ കുക്കിംഗിലൂടെ സാധിക്കുന്നു.

Post a Comment

0 Comments