banner

അഞ്ചാലുംമൂട്ടിലെ മയക്കുമരുന്ന് വേട്ട: വിദ്യാർത്ഥികൾക്കിടയിൽ നിരോധിത പുകയില വസ്തുക്കളെത്തുന്നു; ഉറവിടം കണ്ടെത്താനാകാതെ പോലീസ്

അഞ്ചാലുംമൂട് : വിദ്യാർത്ഥികൾക്കിടയിൽ നിരോധിത പുകയില വസ്തുക്കളെത്തുന്നതായി ( prohibited tobacco products ) വിവരം. കൂൾ, ശംഭു, പാൻപരാഗ് തുടങ്ങി മനുഷ്യ ശരീരത്തെ പതിയേ കാർന്നുതിന്നുന്ന വില്ലന്മാരായ നിരോധിത പുകയില വസ്തുക്കൾ വിദ്യാർത്ഥികൾക്കിടയിൽ സുലഭമായി ലഭിക്കുന്നു. കഴിഞ്ഞ ദിവസം അഞ്ചാലുംമൂട് സ്വദേശികളെ 47 ഗ്രാമോളം തൂക്കം വരുന്ന പാർട്ടി'ഡ്രഗ്ഗായ എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് വിദ്യാർത്ഥികൾക്കിടയിൽ നിരോധിത പുകയില വസ്തുക്കൾ എത്തിക്കുന്ന സംഘങ്ങൾക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത്. ( Anchalummoodu Police station)

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് മാത്രം പ്രവർത്തിക്കുന്ന നിരോധിത പുകയില വില്പനക്കാർ ഉണ്ടെന്ന് നേരത്തെയും അഷ്ടമുടി ലൈവ് ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ ജില്ലാ പോലീസ് മേധാവിയുടെ സമക്ഷം ലഭിച്ച രഹസ്യവിവരങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി അറസ്റ്റുകൾ നടക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ജൂൺ ഒന്നിന് സ്കൂൾ തുറക്കാനിരിക്കെ ഇത്തരത്തിൽ നിരോധിത പുകയില വില്പനക്കാർ സജീവമാകാനാണ് സാധ്യത.

ചുണ്ടിനടിയിലേക്ക് തിരുകി വയ്ക്കുന്ന രൂപത്തിലുള്ള ചില നിരോധിത പുകയില വസ്തുക്കൾക്കുള്ളിൽ ശരീരത്തിന് ഹാനികരമായ വസ്തുക്കൾ ചേർക്കുന്നതായി പറയപ്പെടുന്നു. ഇവ നിരന്തരം ഉപയോഗിക്കുന്നവർക്ക് ഇത്തരം വസ്തുക്കൾ ഉപയോഗിക്കാതെയുള്ള ഒരു ദിവസം ചിന്തിക്കാൻ കൂടി പറ്റില്ലെന്ന് കൗൺസിലന്മാരും സാക്ഷ്യം പറയുന്നു.

ഇത് പോലെയുള്ള വസ്തുക്കളുടെ നിരന്തര ഉപയോഗം കാൻസറിനെ ക്ഷണിച്ചു വരുത്തുമെന്നും ഇവ ഉപയോഗിക്കുന്നവർക്കിടയിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും കണ്ട് വരുന്നതായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ പോലീസ് നടപടി പ്രതീക്ഷിക്കുകയാണ് പൊതു ജനവും രക്ഷകർത്താക്കളും.

Post a Comment

0 Comments