banner

മഴക്കാലത്തെ നേരിടാൻ വിപുലമായ തയ്യാറെടുപ്പ്; ഓരോ വീട്ടിലും ഒരു മഴക്കുഴി എങ്കിലും വേണമെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ

സംസ്ഥാനത്തെ ഓരോ വീട്ടിലും ഓരോ മഴക്കുഴി എങ്കിലും ഇനിയങ്ങോട്ട് വേണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ.
 കൊട്ടാരക്കര സിവിൽ സ്റ്റേഷനിൽ മഴക്കാലത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഈ മാസം 20 മുതൽ 30 വരെ നീളുന്ന ദശദിന ക്യാമ്പയിനുകൾ വഴി ജലസ്രോതസ്സുകളുടെ സംരക്ഷണവും തടസ്സമില്ലാത്ത ഒഴുക്കും സാധ്യമാക്കുകയാണ് ലക്ഷ്യം. മാലിന്യനിർമാർജനം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണം. തദ്ദേശസ്ഥാപനങ്ങൾ ശേഖരിക്കുന്ന മാലിന്യം കൃത്യതയോടെ ക്ലീൻ കേരള കമ്പനി ഏറ്റെടുക്കണം.
 മഴക്കാല കെടുതികൾ നേരിടാൻ ജനകീയ പങ്കാളിത്തം ആണ് സുപ്രധാനം. ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയാണ് സാധ്യമാക്കേണ്ടത്. തദ്ദേശസ്ഥാപനതല പ്രവർത്തനങ്ങളിൽ യുവജന സംഘടനകൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, സ്റ്റുഡന്റ്പോലീസ് കേഡറ്റ്, സാംസ്കാരിക സംഘടനകൾ എന്നിവയുടെ പൂർണ്ണ സഹകരണം ഉറപ്പാക്കണം.

നീരൊഴുക്ക് സുഗമമാക്കി എല്ലാ ജലസ്രോതസ്സുകളുടെ യും സംരക്ഷണമാണ് നടത്തേണ്ടത്. തോടുകളും കുളങ്ങളും എല്ലാം മഴക്കാല പ്രതിരോധ നടപടികളുടെ ഭാഗമായി വൃത്തിയാക്കി ആഴംകൂട്ടി നീരൊഴുക്ക് സജ്ജമാക്കണം. ഭൂഗർഭജല വിനിയോഗത്തിലൂടെ കുടിവെള്ള ലഭ്യത ഉറപ്പാക്കാനാകും. 

ഇതിന് വേണ്ടുന്ന പ്രവർത്തനങ്ങളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം. ജലത്തിന്റെ ഗുണനിലവാര പരിശോധനയും കാര്യക്ഷമമായി നിർവഹിക്കണം. കൊതുക് നിർമ്മാർജ്ജനത്തിനും ശുചീകരണവുമായി ആരോഗ്യ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കണം. എല്ലാ വാർഡിലും ജനകീയ പങ്കാളിത്തത്തോടെ ജലസംരക്ഷണ, ശാസ്ത്രീയ വിനിയോഗ മാർഗങ്ങൾ കൂടി പ്രചരിപ്പിക്കണം. കിണറുകളിലെ ജല ലഭ്യത ഉറപ്പാക്കുന്നതിനായി പരിസരത്ത് കുഴികൾ എടുക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കുകയും വേണം എന്നും മന്ത്രി പറഞ്ഞു.

കൊട്ടാരക്കര നഗരസഭ അധ്യക്ഷൻ എ. ഷാജു അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് അനിത ഗോപകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് അധ്യക്ഷർ, മറ്റു ജനപ്രതിനിധികൾ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ സൗമ്യ ഗോപാലകൃഷ്ണൻ, അസിസ്റ്റന്റ് കോർഡിനേറ്റർ ജെ.രതീഷ് കുമാർ, പ്രോഗ്രാം ഓഫീസർ ഷാനവാസ്, ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ എസ്. ഐസക്ക്, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments