banner

പരീക്ഷ നടത്തിപ്പിലെ വീഴ്ച; ചൊവ്വാഴ്ച 'പരീക്ഷ കണ്‍ട്രോളര്‍' സ്ഥാനമൊഴിയും

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷ നടത്തിപ്പിലെ വീഴ്ചയില്‍ വിമര്‍ശനം നേരിട്ടതിനെ തുടര്‍ന്ന് പരീക്ഷ കണ്‍ട്രോളര്‍ ഡോ.പി.ജെ വിന്‍സെന്റ് ചൊവ്വാഴ്ച സ്ഥാനമൊഴിയും. ഡെപ്യൂട്ടേഷന്‍ റദ്ദാക്കണമെന്ന ആവശ്യം വൈസ് ചാന്‍സലര്‍ അംഗീകരിച്ചതോടെയാണ് സ്ഥാനമൊഴിയുന്നത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ ചരിത്രവിഭാഗം അസോസിയറ്റ് പ്രഫസര്‍ ജോലിയില്‍ ബുധനാഴ്ച തിരികെ പ്രവേശിക്കും. പരീക്ഷ കണ്‍ട്രോളര്‍ക്ക് യൂനിവേഴ്സിറ്റി നല്‍കുന്ന യാത്രയയപ്പ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. പുതിയ പരീക്ഷ കണ്‍ട്രോളര്‍ വരുന്നതുവരെ വൈസ് ചാന്‍സലറുടെ പ്രൈവറ്റ് സെക്രട്ടറിക്കായിരിക്കും പകരം ചുമതലയെന്നാണ് വിവരം.

കഴിഞ്ഞമാസം നടന്ന ബി.എ സൈക്കോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയില്‍, 2020ലെ ചോദ്യപേപ്പറിലെ അതേ ചോദ്യങ്ങള്‍ ആവര്‍ത്തിച്ച സംഭവത്തിലാണ് പരീക്ഷ കണ്‍ട്രോളര്‍ക്ക് സ്ഥാനമൊഴിയേണ്ടിവന്നത്. സംഭവം വിവാദമായതോടെ പരീക്ഷകള്‍ സര്‍വകലാശാല റദ്ദാക്കിയിരുന്നു. തൊട്ടുപിന്നാലെ ബി.എസ് സി ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറിലും 95 ശതമാനം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. സര്‍വകലാശാല, ബി.ബി.എ ബിരുദ സിലബസ് കോപ്പിയടിച്ചെന്ന ആരോപണവും ഇതിനൊപ്പം ഉയര്‍ന്നിരുന്നു. ബംഗളൂരു സര്‍വകലാശാലയുടെ ബി.കോം സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സിന്റെ സ്റ്റോക്ക് ആന്‍ഡ് കമോഡിറ്റി മാര്‍ക്കറ്റ് എന്ന പേപ്പറിന്റെ സിലബസ് കോപ്പിയടിച്ചതായാണ് ആരോപണമുയര്‍ന്നത്. 

കേരളത്തിനുപുറത്തുള്ള സര്‍വകലാശാലകളുടെ സിലബസുകളും ചോദ്യപേപ്പറുകളും അതേപടി പകര്‍ത്തുന്നതായും ആരോപണമുയര്‍ന്നിരുന്നു.
ഇടതുസഹയാത്രികനായ പി.ജെ വിന്‍സെന്റ് കോഴിക്കോട് ഗവ.ആര്‍ട്സ് കോളജിലെ ചരിത്രവിഭാഗം അധ്യാപകനും പി.ശ്രീരാമകൃഷ്ണന്‍ നിയമസഭ സ്പീക്കറായിരുന്നപ്പോള്‍ പ്രസ് സെക്രട്ടറിയുമായിരുന്നു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ ചരിത്ര വിഭാഗം അധ്യാപകനായിരിക്കെ 2019 ഒക്ടോബറിലാണ് ഡോ.പി.ജെ വിന്‍സെന്റ് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി പരീക്ഷ കണ്‍ട്രോളറായി ചുമതലയേറ്റത്.

Post a Comment

0 Comments