banner

അധ്യക്ഷയാക്കാത്തതിൽ പിണക്കം; ഉദ്ഘാടനത്തിന് വരുന്നില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്; ഉദ്ഘാടനം മാറ്റി

പത്തനംതിട്ട : പത്തനംതിട്ട-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പുതുകുളങ്ങര പാലത്തിന്റെ ഉദ്ഘാടനത്തിന് ആരോഗ്യ മന്ത്രി വീണ ജോർജിനെ അധ്യക്ഷയാക്കാത്തത് വിവാദത്തിൽ. മന്ത്രി സജി ചെറിയാനെ അധ്യക്ഷനായി നിശ്ചയിച്ചിരുന്ന പരിപാടിയിൽ വീണ ജോർജ് പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ ഉദ്ഘാടനത്തിന്റെ തലേദിവസം പരിപാടി മാറ്റിവച്ചു. പുതിയ തിയതി തീരുമാനിച്ചിട്ടില്ല. 

പത്തനംതിട്ട ഇരവിപേരൂർ പഞ്ചായത്തിലെയും ആലപ്പുഴ ചെങ്ങന്നൂർ നഗരസഭയിലെയും ജനങ്ങളുടെയും ചിരകാലഅഭിലാഷമായിരുന്നു വരട്ടാറിന് കുറുകെയൊരു പാലം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആറന്മുള എംഎൽഎ വീണ ജോർജിന്റെ ശ്രമഫലമായാണ് നാല് കോടി അറുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ച് ഇറിഗേഷൻ വകുപ്പാണ് പാലം നിർമ്മാണം പൂർത്തിയാക്കിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പാലത്തിന്റെ ഉദ്ഘാടനം നടത്താനും തീരുമാനിച്ചു.

എന്നാൽ നോട്ടീസ് ഇറങ്ങിയപ്പോൾ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ അധ്യക്ഷൻ ചെങ്ങന്നൂർ എംഎൽഎ കൂടിയായ മന്ത്രി സജി ചെറിയാൻ. വേദിയിൽ വീണ ജോർജിന്റെ സ്ഥാനം മുഖ്യസാന്നിധ്യം മാത്രമായി. തിങ്കളാഴ്ച രാത്രിയിൽ വരെ വാഹനം പ്രചരണമടക്കം നടത്തിയ പരിപാടി പെട്ടെന്ന് മാറ്റാനുള്ള കാരണവും ഇത് തന്നെയാണ്. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ മംഗലത്തിലാണ് പരിപാടിക്കുള്ള സ്റ്റേജ് ക്രമീകരിച്ചത്. ഇതും ആരോഗ്യമന്ത്രിയെ ചൊടുപ്പിച്ചു. വീണ ജോർജ് പങ്കെടുക്കില്ലെന്ന കർശന നിലപാട് എടുത്തതോടെയാണ് ഇറിഗേഷൻ വകുപ്പിന് പരിപാടി മാറ്റേണ്ടി വന്നത്.  

ഇതോടെ പ്രതിപക്ഷവും വിമർശനമുയർത്തുകയാണ്. സിപിഎമ്മിന്റെ ആഭ്യന്തര കലഹം മൂലം ജനങ്ങൾ വലയുകയാണെന്നാണ് പ്രതിപക്ഷ വിമർശനം. തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ പരിപാടി മാറ്റുകയാണെന്ന വിചിത്രമായ വിശദീകരണമാണ് ചില ഉദ്യോഗസ്ഥർ നാട്ടുകാർക്ക് നൽകിയത്. ഉദാഘാടനം കഴിഞ്ഞില്ലെങ്കിലും പാലത്തിലൂടെ അക്കരെ ഇക്കരെ പോകാമെന്ന ആശ്വാസമാണ് നാട്ടുകാർക്ക്. 

Post a Comment

0 Comments