banner

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മുഖ്യമന്ത്രിക്ക് നാല് വർഷം തടവും 50 ലക്ഷം രൂപ പിഴയും.

ഡല്‍ഹി : അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് തടവുശിക്ഷ. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ചൗട്ടാലയെ ശിക്ഷിച്ചത്. നാല് വർഷം തടവും അൻപത് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

ശിക്ഷാവിധിക്ക് മുന്നോടിയായുള്ള വാദത്തിനിടെ, ആരോഗ്യസ്ഥിതി പരിഗണിച്ച് ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് ചൗട്ടാലയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ പരമാവധി ശിക്ഷ നൽകണമെന്നും സമൂഹത്തിന് ഇത് മാതൃകയാകണമെന്നും സിബിഐ ആവശ്യപ്പെട്ടു.

പ്രതി ഒരു പൊതുപ്രവർത്തകൻ ആണെന്നും ശിക്ഷ കുറയ്ക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സിബിഐ വാദിച്ചു. ചൗട്ടാലയുടെ മുൻകാല ചരിത്രം കൂടി പരിശോധിക്കണം. പ്രതി നേരത്തെയും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്, സിബിഐ വാദിച്ചു.

അനധികൃത സ്വത്ത് സമ്പാദന കേസിൽ 2010 മാർച്ച് 26ന് ആണ് സിബിഐ ചൗട്ടാലയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. 1993നും 2006നും ഇടയ്ക്ക് ഓംപ്രകാശ് ചൗട്ടാല, 6.09 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് സിബിഐ കണ്ടെത്തിയത്.

വെളിപ്പെടുത്തിയ സമ്പാദ്യത്തിന്റെ 103 ഇരട്ടിയാണ് ഇതെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകൾ കണക്കിലെടുത്ത കോടതി, അഴിമതി നിരോധന നിയമത്തിലെ 13(1)(e), 13(2) വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. പ്രത്യേക കോടതി ജഡ്ജി വികാസ് ധൂൾ ആണ് ശിക്ഷ വിധിച്ചത്.

Post a Comment

0 Comments