banner

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തി

വത്തിക്കാൻ : ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്. ദേവസഹായം പിള്ളയ്ക്കു പുറമെ മറ്റ് 9 പേരെക്കൂടി വിശുദ്ധരായി പ്രഖ്യാപിച്ചു.

ഇന്ത്യയിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള. ആഹ്ലാദസൂചകമായി കത്തോലിക്കാ ദേവാലയങ്ങളിൽ ഇന്ന് 2.30നു മണി മുഴങ്ങും.

ദേവസഹായത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന്റെ ദേശീയതല ആഘോഷം ഭൗതിക ശരീരം അടക്കം ചെയ്ത നാഗർകോവിൽ കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ജൂൺ 5നു നടക്കും.

കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനു സമീപം നട്ടാലത്ത് 1712 ഏപ്രിൽ 23ന് ജനിച്ച നീലകണ്ഠപ്പിള്ളയാണ് പിൽക്കാലത്തു ക്രിസ്തുമതം സ്വീകരിച്ചു ദേവസഹായം പിള്ളയായി മാറിയത്. മാർത്താണ്ഡവർമയുടെ ഭരണകാലത്ത് തിരുവിതാംകൂർ സൈന്യത്തിൽ ഉന്നതപദവി വഹിച്ചിരുന്നു.

വടക്കാൻകുളം പള്ളിയിലെ ഇൗശോ സഭ വൈദികനായിരുന്ന ജെ.പി.ബുട്ടാരിയിൽ നിന്ന് 1745 മേയ് 17ന് ജ്ഞാനസ്നാനം സ്വീകരിച്ചു. ക്രിസ്തുമതത്തിൽ അടിയുറച്ചു വിശ്വസിച്ച ദേവസഹായം പിള്ള കാറ്റാടിമലയിൽ 1752 ജനുവരി 14ന് വെടിയേറ്റു മരിച്ചുവെന്നാണു ചരിത്രം. 2012 ഡിസംബർ 2നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

Post a Comment

0 Comments