banner

ഓര്‍ഡിനന്‍സിലൂടെ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി കര്‍ണാടക സര്‍ക്കാര്‍

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രത്യേക ഓര്‍ഡിനന്‍സിലൂടെ അംഗീകാരം നല്‍കുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നിയമസഭാ സമ്മേളനവും കൗണ്‍സിലും നീട്ടിവെച്ചതിനെ തുടര്‍ന്ന് ബില്‍ പാസാക്കാനുള്ള നിര്‍ദ്ദേശം മന്ത്രിസഭയ്ക്ക് മുന്നില്‍ വെക്കുകയായിരുന്നെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഓര്‍ഡിനന്‍സിലൂടെ ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ കാണിച്ച തിടുക്കം ചോദ്യം ചെയ്ത് പ്രതിപക്ഷവും രംഗത്തെത്തി. യുവാക്കള്‍ക്ക് ജോലി നല്‍കുന്ന വിഷയത്തിലോ വികസന പദ്ധതികള്‍ നടപ്പാക്കാനോ ഒക്കെയാണ് ഓര്‍ഡിനന്‍സ് അവതരിപ്പിക്കേണ്ടതെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ വിമര്‍ശിച്ചു. എന്തിനാണ് സര്‍ക്കാര്‍ ഇത്ര തിടുക്കം കാണിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ നിയമപ്രകാരം നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയാല്‍ അഞ്ചു വര്‍ഷം തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും. ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്.സി/എസ്.ടി വിഭാഗക്കാരെയും മതംമാറ്റിയാല്‍ മൂന്നുമുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും ലഭിക്കും. കൂട്ട മതപരിവര്‍ത്തനം നടത്തിയാല്‍ പത്തു വര്‍ഷം വരെ തടവും ഒരു ലക്ഷം വരെ പിഴ ലഭിക്കുമെന്നുമാണ് നിയമത്തില്‍ പറയുന്നത്.

Post a Comment

0 Comments