banner

ഷവര്‍മ സാമ്പിളില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം; സാമ്പിളുകള്‍ ‘അണ്‍സേഫ്’: ആരോഗ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം : കാസര്‍കോട് ചെറുവത്തൂരില്‍ നിന്ന് ശേഖരിച്ച ഷവര്‍മ സാമ്പിളില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സാമ്പിളുകളില്‍ നടത്തിയ ഭക്ഷ്യ സുരക്ഷാ പരിശോധനാ ഫലത്തിലാണ് സാല്‍മൊണല്ല, ഷിഗല്ല എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയത്.

ഭക്ഷ്യവിഷബാധയേറ്റെന്നു പരാതിയുള്ള സ്ഥാപനത്തില്‍നിന്നു ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടെയും പെപ്പര്‍ പൗഡറിന്റെയും പരിശോധനാഫലമാണ് പുറത്തുവന്നത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഈ സാമ്പിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചെന്നും തുടർനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 349 പരിശോധനകള്‍ നടത്തി. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 32 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 119 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.

32 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 6 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 142 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 466 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 162 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 125 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതായും മന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments