banner

പ്രണയിനികളായ പെണ്‍കുട്ടികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ഹൈക്കോടതി

കൊച്ചി : ജീവിതപങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. പങ്കാളികളില്‍ ഒരാള്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് വിധി.

കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

ഇവര്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളാണെന്നും ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ നിലവിലെ നിയമം അനുസരിച്ച് തടയാന്‍ സാധിക്കില്ലെന്നും നിരീക്ഷിച്ച് കൊണ്ടാണ് കോടതിയുടെ ഇടപെടല്‍.

പങ്കാളിയെ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ചാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്.
തടഞ്ഞ് വച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പട്ട് ആലുവ സ്വദേശിയായ ആദില നസ്‌റിനാണ് നിയമസഹായം തേടി കോടതിയെ സമീപിച്ചത്.

തനിക്കൊപ്പം താമസിക്കാന്‍ താല്‍പ്പര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ ആറ് ദിവസം മുമ്പ് പങ്കാളിയുടെ അമ്മയും ബന്ധുക്കളും ആലുവയിലെ വീട്ടിലെത്തി ബലംപ്രയോഗിച്ച് തട്ടിക്കൊണ്ട് പോയെന്ന് ആദില പറയുന്നു. ഇതിന് തന്റെ ബന്ധുക്കളും കൂട്ടുനിന്നുവെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.

ആദില പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് താമരശേരി സ്വദേശിയാണ് ആദിലയുടെ പങ്കാളി. ആലുവയിലെ ബന്ധുവിന്റെ വീട്ടിലായിരുന്നു പങ്കാളിയായ കോഴിക്കോട് സ്വദേശിനിയായ യുവതിയ്‌ക്കൊപ്പം ആദില നസ്‌റിന്‍ താമസിച്ചിരുന്നത്.

സൗദി അറേബ്യയിലെ സ്‌കൂള്‍ പഠനത്തിനിടെയാണ് ആദില നസ്‌റിനും തമരശ്ശേരി സ്വദേശിയും പ്രണയത്തിലാകുന്നത്. പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ എതിര്‍പ്പായി. എന്നാല്‍ ഒന്നിച്ച് ജീവിക്കാന്‍ തന്നെ ഇരുവരും തീരുമാനിക്കുകയായിരുന്നു. കോഴിക്കോട് ഇരുവരും പിന്നീട് ഒന്നിച്ചു. കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ഇരുവരും.

Post a Comment

0 Comments