banner

മംഗലാപുരത്തെ മലാലി ബദരിയ ജുമാ മസ്ജിദിനു മേൽ ഹിന്ദു സംഘടനകളുടെ അവകാശവാദം

മംഗളൂരു (മംഗലാപുരം) മലാലി ബദരിയ ജുമാ മസ്ജിദിനുമേല്‍ അവകാശവാദവുമായി ഹിന്ദു സംഘടനകള്‍. പള്ളിയുടെ പുനര്‍നിര്‍മാണം നടക്കുന്നതിനിടെ ചിത്രപ്പണിയുള്ള കല്ലുകള്‍ കണ്ടെന്ന് അവകാശ വാദം. ഇതോടെ പള്ളിയുടെ പുനര്‍നിര്‍മാണം താത്കാലികമായി നിര്‍ത്തിവച്ചു.

ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗളൂരുവിന് സമീപത്തെ മലാലി ജുമാ മസ്ജിദിനുള്ളില്‍ ‘ക്ഷേത്രസമാനമായ വാസ്തുവിദ്യാ നിര്‍മ്മിതി’ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സംഭവം. ഇതോടെ വിഎച്ച്പി പ്രവര്‍ത്തകര്‍ മസ്ജിദിന് സമീപം പൂജാകര്‍മ്മങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ മെയ് 26 രാവിലെ 8 വരെ പള്ളിയുടെ 500 മീറ്റര്‍ പ്രദേശത്ത് സെക്ഷന്‍ 144 ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

മംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മലാലി ഗ്രാമത്തിലെ പഴയ മസ്ജിദിന് താഴെ ഏപ്രില്‍ 21 ന് മസ്ജിദിന്റെ നവീകരണ പ്രവര്‍ത്തനത്തിനിടെയാണ് ഹിന്ദു ക്ഷേത്രത്തിന് സമാനമായ വാസ്തുവിദ്യാ രൂപകല്‍പന കണ്ടെത്തിയത്. എന്നിരുന്നാലും, മസ്ജിദ് ഒരു കാലത്ത് ക്ഷേത്രമായിരുന്നോ എന്നറിയാന്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) മലാലിയില്‍ പൂജാകര്‍മ്മങ്ങള്‍ നടത്തുന്നതോടെയാണ് ഈ വിഷയം ഇപ്പോള്‍ സജീവചര്‍ച്ചയായത്. ജില്ലാ ഭരണകൂടം എല്ലാം നിരീക്ഷിച്ചു വരികയാണെന്നും പ്രദേശത്ത് 144 സെക്ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

ബുധനാഴ്ച മലാലിയിലെ ശ്രീരാമാഞ്ജനേയ ഭജന മന്ദിരത്തില്‍ വിഎച്ച്പി താംബൂല പ്രശ്‌നം അവതരിപ്പിക്കുന്നതിനിടെയാണ് നിരോധനാജ്ഞ. ഈ ഘടന കണ്ടെത്തിയതിന് ശേഷം, വിഎച്ച്പി ‘രാമക്ഷേത്രം പോലെയുള്ള പ്രചാരണത്തിന്റെ’ സാധ്യതയെക്കുറിച്ച് സൂചന നല്‍കുകയും പരിസരത്തിനായുള്ള നിയമ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

Post a Comment

0 Comments