banner

ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊന്നു; 40-കാരിയും കാമുകനും കൊലയാളിയും അറസ്റ്റിൽ

ന്യൂഡൽഹി : ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ 40-കാരിയും ആൺസുഹൃത്തും മറ്റൊരു യുവാവും അറസ്റ്റിലായി. ഡൽഹിയിലെ ദരിയാഞ്ചിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സീബ ഖുറേഷി (40), മീററ്റ് സ്വദേശിയായ ഷൊയിബ് (29), വിനീത് ഗോസ്വാമി (29) എന്നിവരെയാണ് കേസിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവായ മൊയ്നുദ്ദീൻ ഖുറേഷിയെ കൊലപ്പെടുത്തണമെന്ന് സീബ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി 10 മണിയോടെ ഒരു സ്കൂളിന് പുറത്തെ ഗേറ്റിന് സമീപം മൂത്രമൊഴിച്ച് നിൽക്കുന്നതിനിടയിലാണ് മൊയ്നുദ്ദീന് വെടിയേറ്റത്. അന്വേഷണത്തിൽ കൊലയാളികൾ ഉപയോഗിച്ച ബൈക്ക് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ള വെള്ള നിറത്തിലെ ബൈക്ക് പിന്നീട് ദരിയാഗഞ്ചിലെ താരാ ഹോട്ടലിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇത് മോഷ്ടിച്ചുകൊണ്ടുവന്നതാണെന്നും പോലീസ് കണ്ടെത്തി.

അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ സീബയേയും കൂട്ടാളികളേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സെൻട്രൽ പോലീസ് ഡെപ്യൂട്ടി കമ്മിഷണർ ശ്വേത ചൗഹാൻ പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഡീലറായിരുന്നു കൊല്ലപ്പെട്ട മൊയ്നുദ്ദീൻ. സീബയ്ക്ക് രണ്ട് ആൺകുട്ടികളും ഒരു മകളുമുണ്ട്. ഭർത്താവുമായി പ്രശ്നങ്ങളുണ്ടായിരുന്ന സീബ ബന്ധം വേർപ്പെടുത്തണമെന്നും മറ്റൊരു വിവാഹം കഴിക്കണമെന്നും ആഗ്രഹിച്ചിരുന്നു.

ഫെയ്സ്ബുക്ക് വഴിയാണ് ഷൊയ്ബിനെ പരിചയപ്പെട്ടതും ഇരുവരും തമ്മിൽ അടുപ്പത്തിലായതും. ഭർത്താവിനെ കൊലപ്പെടുത്തണമെന്നും ഇതിന് ശേഷം ഒരുമിച്ച് ജീവിക്കാമെന്നും സീബയാണ് ഷൊയ്ബിനോട് പറഞ്ഞത്. ഇതിന് ശേഷം അഞ്ച് മാസത്തോളം കൊലപാതകം നടത്താൻ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ആറ് ലക്ഷം രൂപ പ്രതിഫലം നൽകി വിനിത് ഗോസ്വാമിയെ വാടകയ്ക്ക് എടുക്കുകയുമായിരുന്നു. മൊയ്നുദ്ദീനെ കൊലപ്പെടുത്താൻ മുൻപ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.

വാട്സ്ആപ്പിലെ എബൗട്ട് വഴിയാണ് ഭർത്താവിന്റെ നീക്കങ്ങൾ സീബ ഷൊയ്ബിനേയും വിനിതിനേയും അറിയിച്ചിരുന്നത്. മുൻപ് കൊലപാതക ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ സീബ ആൺസുഹൃത്തിനോട് എത്രയും വേഗം ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. ഷൊയ്ബിന്റെ വിവാഹം നാല് വർഷം മുൻപ് കഴിഞ്ഞതാണ്. ഇയാൾക്ക് ഒരു മകനുമുണ്ട്.

إرسال تعليق

0 تعليقات