banner

പെരുമഴയിൽ മുങ്ങി അഫ്ഗാൻ: പ്രളയത്തിൽ മരണം 22ആയി; നിരവധി വീടുകള്‍ നശിച്ചു

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ കനത്ത മഴ. ഇടതടവില്ലാതെ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ പ്രളയം കനത്ത നാശമാണ് വിതച്ചത്. 22 പേര്‍ മരിച്ചു. നൂറുകണക്കിനു വീടുകളും കനത്ത വിളനാശവും രാജ്യത്തു സംഭവിച്ചു. താലിബാന്‍ ഭരണവും സാമ്പത്തിക പ്രതിസന്ധിയും ദുരിതത്തിലാക്കിയ രാജ്യത്ത് പെരുമഴയും പ്രളയവും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയെന്ന് ദുരന്ത നിവാരണ സന്നദ്ധ സേനാ അധികൃതര്‍ വ്യക്തമാക്കി.

അഫ്ഗാനിലെ 12 പ്രവിശ്യകളിലാണു ദുരന്തം വന്‍ നാശം വിതയ്ക്കുന്നത്. നാല്‍പതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അഫ്ഗാന്റെ പടിഞ്ഞാറന്‍ പ്രവിശ്യകളായ ബാദ്ഗിസിലും ഫര്യാബിലുമാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം അനുഭവപ്പെട്ടത്. വടക്കന്‍ പ്രവിശ്യയായ ബാഘ്‌ലനിലും കനത്ത നാശമാണ് വിതച്ചത്. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്ത ഫലങ്ങള്‍ മൂലം അഫ്ഗാനില്‍ കഴിഞ്ഞ കുറച്ചു നാളുകളായി കനത്ത വരള്‍ച്ച ഉടലെടുത്തിരുന്നു. ഇതെത്തുടര്‍ന്ന് കാര്‍ഷികവിളകളുടെ ഉത്പാദനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഗുരുതരമായ ഭക്ഷ്യ പ്രതിസന്ധിയിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുമോയെന്ന ഭീഷണി നിലനില്‍ക്കെയാണ് മഴക്കെടുതി കൂടി രൂക്ഷമായിരിക്കുന്നത്. മൂവായിരം ഏക്കറുകളോളം കൃഷിഭൂമി പ്രളയത്തില്‍ മാത്രം നശിച്ചു. 

താലിബാനും മുന്‍ സര്‍ക്കാരിന്റെ സേനകളും തമ്മില്‍ പതിറ്റാണ്ടുകളായി നടന്ന യുദ്ധം രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ വലിയ തോതില്‍ ക്ഷീണിപ്പിച്ചിരുന്നു. ഇതിനൊപ്പം പ്രകൃതി ദുരന്തങ്ങള്‍ കൂടി എത്തുന്നതോടെ വലിയ പ്രതിസന്ധിയിലേക്കാണ് അഫ്ഗാന്‍ ജനത നീങ്ങുന്നത്.

Post a Comment

0 Comments