Latest Posts

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ മരിച്ച കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി

കൊല്ലം : വിസ്മയ വി നായര്‍ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. കൊല്ലം ഒന്നാം അഡീഷനണല്‍ സെഷന്‍സ് കോടതിയാണ് വിസ്മയയുടെ ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് വിധിച്ചത്.  (Vismaya case)

സ്ത്രീധനം ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് കിരണ്‍കുമാറിന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഉപദ്രവിക്കുക, ഭീഷണിപ്പെടുത്തുക എന്നീ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം ആവശ്യപ്പെടുക, സ്വീകരിക്കുക എന്നീ വകുപ്പുകളുമാണ് പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. 42 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷന്‍ 120 രേഖകളില്‍നിന്നും 12 മുതലുകളില്‍നിന്നും കുറ്റകൃത്യങ്ങള്‍ പൂര്‍ണമായി തെളിഞ്ഞതായി വാദിച്ചിട്ടുണ്ട്.

2021 ജൂണ്‍ 21നാണ് നിലമേല്‍ കൈതോട് കെ.കെ.എംപി ഹൗസില്‍ വിസ്മയ വി നായരെ ശാസ്താംകോട്ട ശാസ്താനടയിലുള്ള ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മകളെ ഭര്‍ത്താവ് നിരന്തരമായി പീഡിപ്പിച്ചിരുന്നതായും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി വിസ്മയയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയതോടെയാണ് ഭര്‍ത്താവ് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണ്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 10ന് കുറ്റപത്രം സമര്‍പ്പിച്ചു. ജി.മോഹന്‍രാജാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

0 Comments

Headline