banner

വിസ്മയ കേസ്: കുറ്റക്കാരനായ കിരൺ കുമാറിന് 10 വർഷം തടവ്; പന്ത്രണ്ടര ലക്ഷംരൂപ പിഴ

കൊല്ലം : സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ ഭർതൃപീഡനംമൂലം ബി. എ.എം.എസ്. വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺകുമാറിന് പത്തുവർഷം തടവ്. 12.55 ലക്ഷംരൂപ പിഴയും കോടതി വിധിച്ചു.

സ്ത്രീധന പീഡനത്തിൽ ഐപിസി 304 പ്രകാരം പത്ത് വർഷം തടവും, ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടയ്ക്കാതിരുന്നാൽ ആറുമാസം കൂടി തടവ് അനുഭവിക്കണം.

ഗാർഹിക പീഡനത്തിന് ഐപിസി 498 എ പ്രകാരം രണ്ടുവർഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ.പിഴ അടക്കാതിരുന്നാൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം.

സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരം ആറുവർഷം തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ 18 മാസം കൂടി തടവ് അനുഭവിക്കണം. സ്ത്രീധന നിരോധനത്തിലെ സെക്ഷൻ നാല് പ്രകാരം ഒരുവർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ 15 ദിവസം കൂടി തടവ് അനുഭവിക്കണം.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കോടതി നടപടികൾ ആരംഭിച്ചത്. ശിക്ഷ വിധിക്കുന്നതിന് പ്രതിയായ കിരൺകുമാറിനെ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. കോടതിക്ക് മുന്നിൽ ശിരസ് കുനിച്ചുനിന്നിരുന്ന കിരൺ, ഇതോടെ മറുപടി നൽകി. അച്ഛനും അമ്മയ്ക്കും സുഖമില്ല. അച്ഛന് ഓർമക്കുറവുണ്ട്, അതിനാൽ അപകടമുണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും തന്റെ പ്രായം പരിഗണിക്കണമെന്നും കിരൺ കോടതിയിൽ പറഞ്ഞു.

കിരണിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും മറ്റു കേസുകളിൽ മുമ്പ് ഉൾപ്പെട്ടിട്ടില്ലെന്നും പ്രതിഭാഗവും കഴിഞ്ഞദിവസം കോടതിയിൽ പറഞ്ഞിരുന്നു. അച്ഛനും അമ്മയും പ്രായമേറിയവരാണെന്നും പ്രതിഭാഗം കോടതിയെ അറിയിക്കുകയും ചെയ്തു. ഇതേകാര്യങ്ങൾ തന്നെയാണ് കിരണും ചൊവ്വാഴ്ച കോടതിയിൽ ആവർത്തിച്ചത്.

അതേസമയം, ഇത് ഒരു വ്യക്തിക്കെതിരേയുള്ള കേസല്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. സ്ത്രീധനമെന്ന സാമൂഹികവിപത്തിനെതിരേയുള്ള കേസാണ്. സ്ത്രീധനം വാങ്ങിയ പ്രതി ഒരു സർക്കാർ ജീവനക്കാരൻ കൂടിയാണ്. സ്ത്രീധനത്തിന് വേണ്ടി മാത്രമാണ് പ്രതി ഭാര്യയെ ഉപദ്രവിച്ചത്. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും അതിനാൽ ശിക്ഷാവിധി മാതൃകാപരമാകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

Post a Comment

0 Comments