banner

കൊല്ലത്ത് ദമ്പതികളെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങളും പണവും കൈക്കലാക്കിയ യുവതി പിടിയിൽ

കൊല്ലം : കൊല്ലത്ത് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തി വരുന്ന ദമ്പതികളെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങളും പണവും കൈക്കലാക്കിയ യുവതി പിടിയിൽ.  കൊല്ലം പൂയപ്പള്ളി സ്വദേശിനി ബീനമോൾ (44) ആണ് കിളിക്കൊല്ലുർ പോലീസിൻ്റെ പിടിയിലായത്. പ്രതിക്കെതിരെ സമാന രീതിയിലുള്ള കേസ് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തിട്ടുള്ളതായി പോലീസ് പറഞ്ഞു.

കൊല്ലം മങ്ങാട് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തി വന്ന വൃദ്ധ ദമ്പതികളെ അവരുടെ സ്ഥാപനത്തിൽ വിജിലൻസ് റെയ്ഡിന് സാധ്യതയുള്ളതായി  തെറ്റിദ്ധരിപ്പിച്ച് സൂത്രത്തിൽ സ്വർണ്ണാഭരണങ്ങളും പണവും കൈക്കലാക്കുകയായിരുന്നു. ഇവരുടെ സ്ഥാപനത്തിലെ ഇടപാട്കാരിയായ ബീനമോൾ വൃദ്ധ ദമ്പതികളെ പരിചരിക്കാനെന്ന വ്യാജേന അടുപ്പം കൂടിയ ശേഷമായിരുന്നു തട്ടിപ്പെന്ന് പോലീസ് പറഞ്ഞു.

കൂടാതെ ദമ്പതികളുടെ മകൾക്ക് സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ നിന്ന് വരനെ കണ്ടെത്തിക്കൊടുക്കാമെന്ന് പറഞ്ഞ് പലതവണയായി ലക്ഷക്കണക്കിന് രൂപയും സ്വർണ്ണാഭരണങ്ങളും ഇവരുടെ പണമിടപാട് സ്ഥാപനത്തിലെ രേഖകളും ഇവർ കടത്തിക്കൊണ്ടു പോകുകയായിരുന്നു.

ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇയിൽ വൻ തുകയ്ക്ക് ചിട്ടികൾ ചേർന്ന ശേഷം ചിട്ടി പിടിച്ച് തുക എടുക്കാനും യുവതി ശ്രമങ്ങൾ നടത്തിവരികയായിരുന്നു. ഒടുവിൽ ഇന്ന് ഉച്ചയോടെ ചിന്നക്കടയിലെ കെ.എസ്.എഫ്.ഇ ബ്രാഞ്ചിൽ നിന്ന് വരവേയാണ് യുവതി പോലീസ് പിടിയിലായത്.

കിളിക്കൊല്ലൂർ പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഓ വിനോദ് .കെ യുടെ നേത്യത്വത്തിൽ എസ്.ഐ സ്വാതി, എ.എസ്.ഐമാരായ സന്തോഷ് കുമാർ .സി, പ്രകാശ് ചന്ദ്രൻ .ആർ, സജീല, ജിജു .സി, സി.പി.ഓ മാരായ പ്രശാന്ത്, സാജൻ ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments