banner

അഞ്ചാലുംമൂട്ടിലേത് ജില്ലയിലെ വലിയ എം.ഡി.എം.എ വേട്ട; മുജീബും മാഹീനും ചില്ലറ വില്പനക്കാർ, സാധനം എത്തിച്ചത് ബാഗ്ലൂരിൽ നിന്ന്; ചുരുളുകൾ അഴിയുമ്പോൾ!

അഞ്ചാലുംമൂട് : മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാക്കളെ പോലീസ്‌ പിടികൂടി. തൃക്കരുവ കാഞ്ഞാവെളി വന്മള സ്വദേശികളായ മുജീബ്‌ (26),  മാഹീന്‍ (24) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. ഇവരില്‍ നിന്നും 46.35 ഗ്രാം എം.ഡി.എം.എയും 9.57 ഗ്രാം കഞ്ചാവും ആണ്‌ പോലീസ്‌ പിടികൂടിയത്‌. പാര്‍ട്ടി ഡ്രഗ്ഗ്‌ ആയ എം.ഡി.എം.എ  ഇത്രയും ഉയര്‍ന്ന അളവില്‍  പിടിയിലാകുന്നത്‌ ആദ്യമാണെന്ന് പോലീസ് വ്യക്തമാക്കി.

മുജീബും മാഹീനും ചില്ലറ വില്പനക്കാർ

ജില്ലയില്‍ കഴിഞ്ഞ കുറേ നാളുകളായി പല സ്ഥലങ്ങളിലും കുറഞ്ഞ അളവില്‍ പാര്‍ട്ടി മയക്കുമരുന്ന്‌ പിടികൂടിയതിനെ തുടര്‍ന്ന്‌ പോലീസ്,‌ പാര്‍ട്ടി മയക്കുമരുന്നിൻ്റെ വിതരണ ശൃംഖല തകര്‍ക്കുന്നതിന്‌ വ്യാപകമായ അന്വേഷണത്തിലായിരുന്നു. പലയിടങ്ങളിൽ നിന്നായി ജില്ലയില്‍ എത്തിച്ച പാര്‍ട്ടി ഡ്രഗ്സ് സ്കൂൾ, കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കും യുവതീ യുവാക്കള്‍ക്കും എത്തിച്ച്‌ നല്‍കുന്നവരെ കേന്ദ്രീകരിച്ച്‌
നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇന്ന് മുജീബും മാഹീനും പിടിയിലാകുന്നത്. 

ബാഗ്ലൂരിൽ നിന്നും ജില്ലയിലേക്ക് എത്തിക്കുന്ന പാര്‍ട്ടി ഡ്രഗ്ഗ്സ് ഇവർ സ്‌ക്കൂള്‍ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ വില്‍പ്പന നടത്തിവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പാന്റിന്റെ
പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലാണ്‌ എം.ഡി.എം.എ പിടികൂടിയത്‌. 

ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ തന്നെ ഒന്നര ദിവസത്തോളം ലഹരി നില്‍ക്കുന്ന
പാര്‍ട്ടി ഡ്രഗ്ഗ്സിന് മണമോ മറ്റും ഇല്ലാത്തതാണ്‌ വിദ്യാര്‍ത്ഥികളേയും യുവതി യുവാക്കളേയും ഇതിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രധാന കാരണമെന്ന് പോലീസ് വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെയും യുവതി യുവാക്കളുടെയും ഇതിലേക്കുള്ള ആകർഷണം മുതലെടുത്താണ്‌ ഇവര്‍ ആവശ്യകത അനുസരിച്ച്‌ വില നിശ്ചയിച്ച്‌ നല്‍കുന്നത്‌. വിപണിയില്‍ ഏകദേശം അഞ്ച്‌ ലക്ഷം രൂപയ്ക്ക്‌
മേല്‍ മതിപ്പ്‌ വിലയുണ്ടാകും പിടികൂടിയ എം.ഡി.എം.എയ്ക്ക്.

ജില്ലാ പോലീസ്‌ മേധാവി നാരായണന്‍ റ്റി ഐ.പി.എസിന്‌ ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ ഡാന്‍സാഫ്‌ ടീമും പരിധിയിലെ പോലീസ് സ്റ്റേഷൻ സംഘവും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. പിടികൂടിയ
എം.ഡി.എംഎ സ്‌ക്കൂള്‍ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ വില്‍പ്പനയ്ക്കായി
എത്തിച്ചതാണെന്ന്‌ യുവാക്കള്‍ പോലീസിനോട്‌ സമ്മതിച്ചു.

Post a Comment

0 Comments