banner

'തെറ്റിദ്ധരിപ്പിക്കാൻ സാധ്യത'; ആധാർ മുന്നറിയിപ്പ് പിൻവലിച്ച് കേന്ദ്രം

ന്യൂഡൽഹി : ആധാർ കാർഡിന്റെ പകർപ്പ് കൈമാറുന്നതു സംബന്ധിച്ച് പുറത്തിറക്കിയ മുന്നറിയിപ്പ് കേന്ദ്ര ഐടി മന്ത്രാലയം പിൻവലിച്ചു. ആധാർ കാർഡ് ദുരുപയോഗം ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശമാണ് പിൻവലിച്ചത്. മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. ആധാർ കാർഡിന്റെ ഫോട്ടോസ്റ്റാറ്റ് പകർപ്പ് കൈമാറരുതെന്നായിരുന്നു നിർദേശം. (Aadhaar Card, Central Government)

ആധാറിന്റെ പകർപ്പ് ഒരു സ്ഥാപനത്തിനോ, വ്യക്തിക്കോ കൈമാറരുതെന്ന നിർദേശമാണ് പിൻവലിച്ചത്. തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം. മെയ് 27ന് കേന്ദ്ര ഐടിമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ആധാറിന്റെ പകർപ്പ് ആർക്കും കൈമാറരുതെന്ന് നിർദേശിച്ചത്. അടിയന്തര ഘട്ടത്തിൽ ആധാർ നമ്പറിന്റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്ന ‘മാസ്‌ക്ഡ്’ പകർപ്പ് മാത്രം കൈമാറാനും കേന്ദ്രസർക്കാരിന്റെ മാർഗനിർദേശത്തിൽ പറയുന്നു.ആധാർ കാർഡ് ദുരുപയോഗം ചെയ്യുന്നത് വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് നിർദേശം പിൻവലിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചത്.

നിർദേശം തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം. ആധാർ കാർഡ് വിവരങ്ങൾ കൈമാറുമ്പോൾ സാധാരണ മുൻകരുതൽ മതിയെന്നും സ്വകാര്യത സംരക്ഷിക്കാൻ ആവശ്യമായ സൗകര്യങ്ങളുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

ഉപഭോക്താക്കളുടെ ആധാർ കാർഡിന്റെ പകർപ്പ് വാങ്ങിവെയ്ക്കാൻ യുഐഡിഎഐയുടെ ലൈസൻസ് ലഭിച്ച അംഗീകൃത സ്ഥാപനങ്ങൾക്ക് മാത്രമാണ് അനുവാദമെന്നും അല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, സിനിമാ തിയറ്ററുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഇതിനുള്ള അനുമതിയില്ലെന്നുമായിരുന്നു നിർദേശത്തിൽ പറയുന്നത്. ആധാർ കാർഡ് വിവരങ്ങൾ കൈമാറുന്നതിന് മുൻപ് അംഗീകൃത സ്ഥാപനമാണോ എന്ന് ഉറപ്പുവരുത്താനും കേന്ദ്രം നിർദേശിച്ചു. ആധാർ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് ഇന്റർനെറ്റ് കഫേകളെ ആശ്രയിക്കരുത്. ആവശ്യമെങ്കിൽ ഇ- ആധാറിന്റെ ഡൗൺലൗഡ് ചെയ്ത പകർപ്പുകൾ ഡീലിറ്റ് ചെയ്തു എന്ന് ഉറപ്പുവരുത്തണമെന്നും കഴിഞ്ഞദിവസം പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.

Post a Comment

0 Comments